Tuesday, December 25, 2012

 മൊഴി

കാറ്റിൻ മർമ്മരമൊരു
കവിതപോലരയാൽതുമ്പിലൊഴുകും
സായാഹ്നം
മങ്ങിതീരാറായ പകലിനരികിൽ
നക്ഷത്രതിരിവയ്ക്കും സന്ധ്യ
ഉള്ളിലാരുമറിയാതെ
ഭദ്രമായ് മറയിട്ടു സൂക്ഷിച്ച ദൈന്യം
ഒളിപാർത്തൊടുവിൽ
ഇതളടർത്തി പലേയിടങ്ങളിലിട്ടു
നീങ്ങിയ യുഗം..
ചില്ലുപാത്രത്തിൻ വക്കിലുരച്ചുടച്ചു
തീർത്ത കാവ്യസ്പന്ദം
വിയോഗിനിയിൽ വിരിഞ്ഞ
വിസ്മയഭൂമി..
ഉലൂഖലമുടക്കിയുലഞ്ഞ
നീർമരുതുകൾ...
യന്ത്രമിഴിയറിയാതെപോയ
മനസ്സി
കാവ്യസ്പന്ദം
ഒന്നുപറഞ്ഞേറിയായിരം
മഷിതുള്ളികൾ വീണു
നനഞ്ഞുകുതിർന്ന മൊഴി
എഴുതിയെഴുതിയൊതുക്കിയ
ആത്മരോഷം..
എഴുതിതീരാതെ മനസ്സിലൊതുക്കിയ
കടൽശംഖിൻ കവിത..
കടൽത്തീരത്തൊരുയുഗമിതളടർത്തിയിട്ട
മനസ്സിൻ നോവ്, കാവ്യസ്പന്ദങ്ങൾ
സമുദ്രത്തിനെ വിലങ്ങിടാനാവാതെ
വ്യസനത്തിലാഴും യുഗങ്ങൾ
സായാഹ്നഗാനത്തിനരികിൽ
ജപമാലയുമായ് പ്രദോഷം....

No comments:

Post a Comment