Sunday, September 30, 2012

നക്ഷത്രങ്ങളുടെ കവിത

ഒരു സ്വരമുടഞ്ഞു
ചിലമ്പൊലിയ്ക്കുള്ളിലായ്
ചുമരുകൾ വീണ്ടും നിറഞ്ഞു

മഹാതത്വമെഴുതിയിട്ടെങ്ങോ 
നടന്നു സായാഹ്നവും
മിഴിയിലെന്നും കണ്ട
സ്വപ്നമൊരാലിലതളി
രിലയ്ക്കുള്ളിലെ
കാവ്യസങ്കല്പമായരികിലിരുന്നു
മഴതുള്ളിയിൽ നെയ്തു
ഹൃദയസ്പന്ദം പോലെ
കവിതകൾ;
പിന്നെയീവഴിവക്കിലെ
കല്ലിടുക്കുകൾക്കുള്ളിലായ്
നിരതെറ്റിവീണു ഋതുക്കൾ
മഹാവേദമെഴുതിയഗുരുകുല
പർണ്ണശാലയ്ക്കുള്ളിലൊഴുകീ
നിസ്സംഗമാം പ്രളയകാണ്ഡം
പിന്നെയരികിൽ
തപം ചെയ്തു നാന്മുഖർ
ലോകത്തിനിതളുകൾക്കുള്ളിൽ
മറഞ്ഞൂ മരീചിക.

അരികിലോ പ്രക്ഷബ്ദമാം
കടൽത്തിരകളിൽ
ഒഴുകി മായും കടൽചിപ്പികൾ
കാവ്യത്തിനതിരുകൾ കെട്ടുന്ന
ചക്രവാളം
പഴേ മൊഴിയിലായ്
വിടരുന്നു നക്ഷത്രസന്ധ്യകൾ...

വിരലുകൾക്കുള്ളിൽ വിതുമ്പുന്ന
സർഗമേ 

ചുമരുകൾക്കുള്ളിലെ
മുദ്രാങ്കിതങ്ങളിലൊഴുകിയാലും
രത്നസാഗരം പോലെയെൻ
ശ്രുതിയിൽ നിന്നും
സ്വരമാല്യങ്ങൾ തീർത്തെന്റെ
മിഴിയിലായ് വീണ്ടുമുറങ്ങിയാലും..


Friday, September 28, 2012

  മൊഴി


വിരലിലുടക്കിയ ചില്ലക്ഷരങ്ങൾ
തീർത്ത മുറിവിനരികിലെ
ചിത്രങ്ങൾ കാണും നേരമരികിൽ
മഴവീണ്ടുമൊഴുകും നനവിലീ
നനുത്ത മണ്ണിൽ തളിർക്കുന്നൊരു
സർഗം; പിന്നെയിരുളിൽ  നിന്നും  

നടന്നീവഴിവിളക്കിന്റെ 
വെളിച്ചം  പോലും 
കാവ്യതുടുപ്പിൽ തിളങ്ങുന്നു..

മനസ്സിൻ ശിലാഫലകങ്ങളിൽ
നിന്നും മാഞ്ഞ ചരിത്രം
മറന്നിട്ടതൊരു പാഴ്നിഴലതിൻ
ശിഖരങ്ങളിൽ നിന്നുമൊളിപാർക്കുമാ

ലോകമൊരു ദൈന്യത്തിൻ
പാഠപുസ്ത്കം തന്നു
ഗ്രഹമിഴിയിൽ തുന്നിക്കെട്ടിയുടച്ച
സ്വരങ്ങളിലൊഴുകുന്നൊരു
മഴക്കാലത്തിൻ മഹാതീർഥം

ജനൽപ്പാളികൾ മൂകസാക്ഷികൾ
തത്വം ചൊല്ലുമൊരു കാലത്തിൻ
പലേ മുഖത്തിൻ ദൃക്സാക്ഷികൾ..



എഴുതിതീർക്കാനാവാതീമഴക്കാലം
വീണ്ടുമൊഴുകുന്നെന്നിൽ
കടലൊരുക്കുന്നൊരു തോണി...
മറന്ന പുസ്തകങ്ങൾ കാറ്റിലായൊഴുകുന്നു
ചിതയിൽ കത്തിതീർ
ന്ന യുഗങ്ങൾ
മറയുന്നു..
തിരശ്ശീലയിലാട്ടമെത്ര

പൊയ്മുഖങ്ങളാണരങ്ങിൽ
മരവിച്ചു നിൽക്കുന്നു ഹൃദ്സ്പന്ദങ്ങൾ..


അരികിൽ മൊഴിതേടിയെത്തിയ
നക്ഷത്രങ്ങളുറങ്ങീ മഴയ്ക്കുള്ളിൽ
രുദ്രാക്ഷമന്ത്രം ചൊല്ലിയരികിൽനിന്നൂ
വാനപ്രസ്ഥഭാവങ്ങൾ പിന്നെ

മറക്കാനിനിയെന്തു ബാക്കിയാ ചുമർ
ചിത്രമതിന്റെയുള്ളിൽ പോലും
നിറയുന്നുവോ സ്വാർഥം??


മിഴിയിൽ നിറയുന്ന കടലേ
നിനക്കായിയെഴുതാം ഞാനും
മഴതുള്ളിയിൽ വീണ്ടും
സന്ധ്യയതിലെ പ്രദോഷത്തിൻ
രുദ്രമന്ത്രത്തിൽ, പൂർണ്ണസ്വരങ്ങൾക്കുള്ളിൽ
ശരത്ക്കാലവർണ്ണങ്ങൾ തൂവിയെഴുതാം
ഞാനെൻ പ്രിയതരമാം കാവ്യങ്ങളെ...

Thursday, September 27, 2012

നക്ഷതങ്ങളുടെ കവിത


പവിഴമല്ലിപ്പൂക്കളുറങ്ങും
ശരത്ക്കാലമിഴിയിൽ
കാണും ലോകമാർദ്രമാം
കാവ്യസ്പന്ദം
ഇടയ്ക്കെപ്പോഴോ കണ്ടൂ
ദു:സ്വപ്നമതിനഗ്നിയെരിച്ചൂ
ചന്ദനപ്പൂവിരിയും ഭൂഗാനങ്ങൾ
വഴിയിൽ നിഴൽതൂകിയോടിയ
നിമിഷത്തിനൊതുക്കിൽ
കാൽതട്ടിവീണുടഞ്ഞു
സ്വപ്നങ്ങളും
വിരലി
ശാന്തിതൻ
കൂടുകൾ തുന്നിക്കെട്ടി
ദിനങ്ങൾ നടന്നു
ഞാനൊഴുകീ പായ് വഞ്ചിയിൽ

മുനമ്പിൽ വീണ്ടും വന്നു സന്ധ്യയെൻ
മനസ്സിന്റെ ജപമണ്ഡപത്തിലെ
നക്ഷത്രകാവ്യം പോലെ
വളപ്പൊട്ടുകൾ ഗ്രാമമെടുത്തു
പിന്നെ ഞാനുമെഴുതാനിരുന്നു
നെൽപ്പാടങ്ങൾ സാക്ഷ്യം നിന്നു
പവിത്രം ചുറ്റി ത്രിദോഷങ്ങളും മാറ്റി
ഗ്രഹച്ചിമിഴിൽ തീർഥം തൂവി
മഴക്കാലവും നടന്നൊടുവിൽ
ഹോമാഗ്നിയിലെരിഞ്ഞുതീരാത്തൊരു
സ്വരമായ് ഞാനും മാറി 

രാഗമാലികയ്ക്കുള്ളിൽ
ചുറ്റിലും കാറ്റിൻ മൃദുമർമ്മരം
കടലിന്റെ ഹൃത്തിലെ ശ്രുതിയെന്റെ
കാവ്യമാകുന്നു വീണ്ടും...

Tuesday, September 25, 2012

 മൊഴി


തണുപ്പുമാഞ്ഞു പ്രഭാതങ്ങളിൽ
വെയിൽതുമ്പിലെരിഞ്ഞു
മഴക്കാലപ്പൂവുകൾ
പിന്നെ കരിഞ്ഞുണങ്ങും
ദിനങ്ങൾതൻ ചിത്രങ്ങൾക്കുള്ളിൽ
നിന്നുമുണർന്നു ചന്ദനത്തിൻ സുഗന്ധം
ഗ്രാമം മെല്ലെ നടക്കും
മൺപാതയിലുണർന്നു
നേർക്കാഴ്ച്ചകൾ..

വഴിയിൽ നിമിഷങ്ങൾ
ചില്ലുപാത്രങ്ങൾ തട്ടിയുടച്ചു
തുളസിപ്പൂവിതളിൽ ഋണം
നിഴൽപ്പൊട്ടുകൾ
മിഴിയ്ക്കുള്ളിലൊതുങ്ങാനാവാത്തൊരു
സമുദ്രം; ചിറകെട്ടിയതിനെ
വിലങ്ങേറ്റുമഴിമുഖങ്ങൾ
കാവലതിന്റെയൊരുകോണിലായിരം
പതാകകൾ..

മുദ്രകൾ തീർക്കും സന്ധ്യാദീപത്തിൻ
പ്രകാശത്തിലഗ്നിയെ തണുപ്പിക്കും
നക്ഷത്രവിളക്കുകൾ
വിണ്ണിലെ സങ്കല്പങ്ങളോംങ്കാരമെഴുതുന്ന
സ്വർണ്ണദീപങ്ങൾ കാവ്യഭാവങ്ങൾ
മനോഹരമിന്നുമെൻ വിരൽതുമ്പിൽ
മിന്നുന്ന സ്വരങ്ങളെ
സ്വർണ്ണത്തിൽ പൊതിയുന്ന
ശരത്ക്കാലത്തിൻ ഗാനം

Monday, September 24, 2012

  അക്ഷരങ്ങൾ
 
അക്ഷരങ്ങൾ നിത്യ
സത്യങ്ങളാദ്യമായ്
ഹൃദ്സ്പന്ദനങ്ങളിൽ
ശബ്ദം രചിച്ചവർ
നിശ്ചലമാകുവാനാവാതെയീ
ഭൂവി
ത്ഭതങ്ങൾക്കുള്ളിലെന്നും
വിടർന്നവർ..
കത്തുന്ന തീയിലേയ്ക്കിട്ടു
പിന്നെ താഴിലെത്രയോ
പൂട്ടിക്കുരുക്കിയെന്നാകിലും
കെട്ടുകൾ മെല്ലെയഴിച്ചഴിച്ചഴിച്ചുൾക്കടൽ
ചെപ്പുകൾക്കുള്ളിൽ
സ്വരങ്ങളെ തീർത്തവർ..

കാരാഗൃഹങ്ങളിരുമ്പിനാൽ
തീർത്തഴിക്കൂടുകൾക്കുള്ളിൽ
വിലങ്ങിട്ടുകെട്ടിയോരോർമ്മകൾ
മായ്ച്ചു ശരത്ക്കാലസ്വപ്നമായ്,
കാവ്യസർഗത്തിന്റെ
ചന്ദനപ്പൂക്കളായ് 

വീണ്ടും പ്രഭാതങ്ങളെ
സ്വപ്നമാക്കിയോരക്ഷരങ്ങൾ
നിത്യസത്യമനാദ്യന്തചിത്രങ്ങളായ്
വിരൽതുമ്പിലുണർന്നവർ...

എത്രയോ സംവൽസരങ്ങളിൽ
തുന്നിയോരച്ചുകൂടങ്ങളിൽ നിന്നും
പുനർജനിച്ചക്ഷയപാത്രത്തിനുള്ളിൽ
നിന്നും ശാകപത്രം രചിക്കുന്ന
സർഗമായ്; സന്ധ്യയിൽ
നക്ഷത്രദീപങ്ങളിൽ നിന്നു
കാവ്യമായ്
മൃത്യുഞ്ജയത്തിലെ
ഹോമാഗ്നിയും നുകർന്നെത്തുന്നു
വീണ്ടുമീയക്ഷരങ്ങൾ..


Saturday, September 22, 2012

നക്ഷത്രങ്ങളുടെ കാവ്യം
 
നിഴൽ പെയ്തു നീങ്ങുന്ന
മദ്ധ്യാഹ്നമേ, വഴിയ്ക്കഴൽ
തീർന്ന സായന്തനം കാവ്യമാകുമീ
മൊഴിയ്ക്കുള്ളിലെന്നേ
മരിച്ചൂ  തടാകങ്ങൾ..
മഴക്കാലമൊന്നിൽ കടൽചിപ്പിയിൽ
നിന്നുണർന്നൂ മനസ്സും
മനസ്സിന്റെ സർഗവും;
മുനമ്പിൽ നിന്നും ജപം തീർത്തോരു 

തീരത്തിലുഷസന്ധ്യകൾ
മൊഴിചെപ്പും തുറന്നു;
കടം തീർത്തു പണ്ടേ നടന്നു
പതാകകൾ...
ഇടയ്ക്കാടിയാരോകറുപ്പിൻ
കലാശങ്ങളരങ്ങിൽ
തിമിർത്തർഥശൂന്യമാം
നാട്യങ്ങളതിൽ നിന്നകന്നു
സ്വരങ്ങൾ, മഹായാനമതിൽ
നിന്നു കണ്ടൂ ദിഗന്തം,
ദിഗന്തത്തിനുടക്കിൽ
തിളങ്ങീയൊരാർദ്രനക്ഷത്രം
ത്രിനേത്രത്തിലാരോ നിറച്ചൂ  കനൽ, 

നേർത്തമൊഴിക്കുള്ളിലേറികടൽ
വിരൽതുമ്പിലെ തുടിക്കുള്ളിൽ
നിന്നും തളിർത്തു
പ്രകാശത്തിനിതൾപ്പൂവുമായെന്റെ
നക്ഷത്രകാവ്യം...


Thursday, September 20, 2012

 മൊഴി

ഒരോദിനത്തിനിതൾ പോലെ
വിണ്ണിന്റെയാരോഹണം;
ഘനരാഗത്തിലേറുന്നൊരാർദ്ര
സ്വരം, പിന്നെയീണങ്ങൾതെറ്റി
തിരയ്ക്കുള്ളിലാടുന്നതോർമ്മകൾ
തെറ്റുന്ന പായ് വഞ്ചികൾ...

മേൽക്കൂരയെല്ലാമുടഞ്ഞ ദേവാലയം,
കാറ്റുലച്ചീടുന്ന കാർമേഘയുക്തികൾ
നേർവഴിതെറ്റിക്കുതിയ്ക്കും
ദുരാഗ്രഹം,
കാണാതെകാണാതെ കണ്ടുമടുത്തോരു
കാവലാൾക്കൂട്ടം മറന്നിട്ട
താഴുകൾ...

ജാലകചില്ലിന്റെയോരോ
മുറിപ്പാടിലേറിതിമിർക്കുന്ന
കള്ളിമുൾവാകകൾ
പോയകാലത്തിൻ ഋണം
പോലെയേറുന്ന രാവുകൾ;

സ്വാർഥം നടക്കുന്ന ദിക്കുകൾ..

കണ്ടുതീർന്നു ശിരോദൈന്യങ്ങളെ
കണ്ടുതീർന്നു നിഴൽക്കൂട്ടങ്ങളെ
വേരുകൾ പോലും കരിഞ്ഞുതീർന്നാൽ
മരച്ചോടുകൾ ശൂന്യം,പുരാണങ്ങൾ നിശ്ചലം
കാണാതെതീർന്നതിനന്ത്യഭാവം...
കാണാതെതീർന്നതിനാരൂഢഭാവം...
കണ്ടുതീരാത്തതിൻ ബാക്കിപത്രം
ഗ്രഹസന്ധ്യകൾ കണ്ടതിൻ
വർത്തമാനം..






Tuesday, September 18, 2012

നക്ഷത്രങ്ങളുടെ കവിത


ആകാശമേ! ദിനചെപ്പുകൾ
തീർക്കുന്നതായിരം സങ്കീർണ്ണ
ചിത്രങ്ങളെങ്കിലും
ഈവഴിയ്ക്കപ്പുറം ഗ്രാമം
നടന്നെത്തുമാലിലതുമ്പിലെൻ
കാവ്യം തുടുക്കുന്നു..


കാറ്റിന്റെ മർമ്മരം
കാതിൽ സ്വരങ്ങളെ
ചേർത്തുവയ്ക്കുന്നു,
മുളം കാടുകൾ പഴേപാട്ടുകൾ
തേടിയാരണ്യകമേറുന്നു...


എത്രയോ നാളിൽ
വിരൽതുമ്പിലേറ്റിയോരക്ഷരങ്ങൾ
പുനർമന്ത്രങ്ങളേറ്റിവന്നീപ്രഭാതത്തിൽ
മുനമ്പിലേറീടുന്നു...
എത്രനാളീതീരഭൂവിന്റെ
കാവ്യങ്ങളീക്കടൽചിപ്പിയിൽ
സ്പന്ദിച്ചിരിക്കുന്നു...


ദൃശ്യമദൃശ്യമീചക്രവാളം
മിഴിയ്ക്കപ്പുറം നീളുമനന്തസത്യം
ഗ്രഹഭിത്തികളെല്ലാമുടഞ്ഞുതീരും
വരെയെത്ര യുഗങ്ങൾ നടന്നുപോയീവഴിയെത്ര
ചുരുങ്ങീയീ പാതകളെങ്കിലും
അക്ഷരങ്ങൾ പൂക്കളായിവിടരുന്നൊരത്ഭുതം
വീണ്ടും മിഴിക്കോണിലേറുന്നു...


എത്രസായാഹ്നങ്ങളെത്രസായന്തനമത്രയും
ചിഹ്നങ്ങളെത്രയോ ഗാനങ്ങൾ
മുദ്രകളെല്ലാം പതിച്ചുതീർന്നാധികൾ
മെല്ലെ നടന്നുനീങ്ങും വഴിയ്ക്കപ്പുറം
എന്നും തിളങ്ങുന്നൊരാർദ്രനക്ഷത്രമേ
വന്നാലുമെന്റെയീ ഭൂഗാനമുദ്രയിൽ...


Monday, September 17, 2012

 നക്ഷത്രങ്ങളുടെ കവിത

 അഗ്രഹാരങ്ങളിൽ
ഭാദ്രപാദം നടന്നെത്തുന്നു
വീണ്ടും പ്രഭാതങ്ങൾ പാടുന്നു
മുന്നിലെ ജാലകചില്ലും
തകർത്തേറിയുള്ളിലശാന്തി
തീർക്കും പഴേ ശീലുകൾ
എത്രമധുരത്തിലേറ്റിയാലും
കയ്പിലെത്തിനിൽക്കും
ചുമർചിത്രങ്ങളെത്രയാണർഥവും
തെറ്റി സ്വാർഥത്തിന്റെ
ചില്ലകളെത്ര വളർന്നേറിയെങ്കിലുമീ
കടലെത്ര മനോഹരം
ചക്രവാളത്തിലായെത്തിനിൽക്കും
സന്ധ്യയെത്ര മനോഹരം...


പുസ്ത്കത്താളിൽ നിന്നൂർന്നിറങ്ങും
കനൽച്ചിറ്റുകൾ വീണുകരിഞ്ഞ
വാക്കിൻ നേർത്ത ഗദ്ഗദം
പോലുമൊരോർമ്മ; സംവൽസര
ചെപ്പുകൾക്കുള്ളിൽ ജപം തീർക്കുമീ
സർഗസൃഷ്ടികൾ വിശ്വപ്രപഞ്ചകാവ്യങ്ങളും
കണ്ടുതീർന്നായിരം ദു:സ്വപ്നമെങ്കിലും
കൺകളിലിന്നുമാകാശനക്ഷത്രങ്ങളെണ്ണിയാൽ
തീരാത്ത ദീപങ്ങളെ ചേർത്ത്
വിണ്ണിലായ് ദീപാവലിക്കായൊരുങ്ങുന്ന
പുണ്യപഥങ്ങളിൽ നിന്നെന്റെ ഗ്രാമമേ
എന്നിലുണർത്തുക സർഗങ്ങളെ
ചന്ദനപ്പൂക്കൾ സുഗന്ധമേകുന്നൊരീ
സന്ധ്യയിൽ വീണ്ടും നടക്കാം മുനമ്പിന്റെ
മന്ത്രങ്ങൾ കേൾക്കാമൊരല്പനേരം
വ്യോമസങ്കല്പസീമയിൽ
നക്ഷത്രകാവ്യങ്ങളൊന്നായ്
വിരിഞ്ഞുവരുന്നതും കണ്ടുകണ്ടീന്നീ
ഗൃഹാതുരത്വം മാഞ്ഞ ഭൂവിന്റെ
സങ്കീർത്തനങ്ങളിൽ വീണ്ടും ലയിക്കാം...

Saturday, September 15, 2012

 ഗായത്രിയെഴുതുന്നു


 പ്രിയപ്പെട്ട മീര
എനിക്കിപ്പോൾ ഒന്നു തീർച്ചയായിരിക്കുന്നു. ആ ലോകം നമ്മളെപ്പോലുള്ളവരിൽ ഇങ്ങനെ ചിന്തിക്കാനേ സഹായിക്കൂ.. 
"ദൈവമേ ഇതുപോലെയും മനുഷ്യരോ.."
അവന്റെ നിഴലുപോലും പിന്നിൽ നിന്നു നമ്മളെയാക്രമിച്ചേക്കും
അത്രയ്ക്ക് ഭയാനകമാം ഒരു മുഖം അവൻ ആരുമറിയാതെ ഒളിച്ചുസൂക്ഷിക്കുന്നുണ്ട്..
ആകാശവാതിലിനരികിലെ ദൈവത്തിൻ സുരക്ഷയിൽ നമുക്കെഴുതാം
ആകാശത്തിൻ കഥകൾ, നക്ഷത്രങ്ങളുടെ കവിതകൾ..
 
അവൻ ഒരു നിഴലായിരുന്നു, പിന്നിലൊളിപാർത്ത് പതിഞ്ഞിരുന്നരയാലേറിയതിൻതുമ്പിൽ
നമ്മളെഴുതിയ നുറുങ്ങുകവിതകൾ നുള്ളിക്കീറിയെറിഞ്ഞ നിഴൽ..
ദു:ഷ്ടത മനസ്സിലാരും കാണാതെ ഒളിച്ചുസൂക്ഷിക്കുന്നവൻ..
അവന്റെ സഹായം പോലും ആൾക്കാരെ കാണിക്കാനുള്ള അഭിനയമായിരിന്നിരിക്കും..

ഇന്നു കണ്ടില്ലേ ആ വാർത്തക്കാരന്റെ ഒളിയമ്പുകൾ..
അയാളെ കാണുമ്പോഴേയ്ക്കും എനിക്ക് ചിരിവരും
അയാളുടെ വാർത്തകളോ ഒരു കാർട്ടൂൺ സിനിമ പോലെ തന്നെ..

പിന്നെ നിഴൽക്കാരനങ്ങനെയല്ല.. നയതന്ത്രം ചോറിൽ നെയ്യ് പോലെ
ചേർത്തു മയപ്പെടുത്തി അതിനുള്ളിൽ ഒരിത്തിരി നഞ്ചും ചേർത്തു
മനോഹരമാം പാത്രങ്ങളിൽ വിളമ്പാനറിയുന്നവൻ..
അവനെപ്പറ്റി ഞാനിന്നലെ ദൈവത്തോടു ചോദിച്ചു.
ദൈവമേ!! ഏതുകർമ്മത്തിന്റെ ഗ്രഹദോഷമാവും ഇങ്ങനെയൊരു
നിഴൽപ്പാടിൻ വലയിൽ വീഴേണ്ടിവന്നത്..
ദൈവം ചിരിക്കുകയായിരുന്നു.. പിന്നീടിങ്ങനെയും ദൈവം പറഞ്ഞു
''അയാളൊരു കഥയില്ലാത്തയാൾ..എന്തൊക്കെയോ കാട്ടിക്കൂട്ടിയതിൻ ഒരു മനോവിഷമം അയാൾക്കുമുണ്ട്..പുറത്തുകാട്ടിയാൽ അഹം എന്ന ഭാവം താഴെവീണുടഞ്ഞു തീരും അതിനാലയാൾ കഷ്ടപ്പെട്ട് അഭിനയിക്കുന്നു.
.പഴയ കൃത്രിമനയതന്ത്രമൊന്നും ഇപ്പോളയാൾ ഉപയോഗിക്കുന്നുമില്ല..
ദൈവം പറയുന്നതിലും കാര്യമുണ്ട്.. കൃത്രിമം കാട്ടികൂട്ടിയതിനും നിഴലെയ്തതിനും അവനു ശിക്ഷയും കിട്ടി..

മുന്നിൽ കാണുന്ന വിഭ്രമലോകത്തിന്റെ നിഴലുകൾ നമ്മുടെ മനോഹരമാമീഭൂമിയിൽ വീഴാതിരിക്കാനായ് നമുക്കിനിയും പ്രാർഥിക്കാം...
ദൈവത്തോടു ഭൂമി നിറയ്ക്കാൻ കവിതകൾ തരാനായി നമുക്ക് പ്രാർഥിക്കാം.. അതു മാത്രമേ സത്യമായുള്ളൂ.....

ഗായത്രി

Friday, September 14, 2012

 നക്ഷത്രങ്ങളുടെ കവിത...
 
വർഷം കഴിഞ്ഞു
നിഴൽപ്പാടുമായ്
ഗ്രീഷ്മഭിത്തികൾക്കുള്ളിൽ
കുനിഞ്ഞിരുന്നു യുഗം
ചിത്രങ്ങൾ തൂക്കിപ്പെരുക്കിയാ
ഹസ്തിനമെത്രചുരുങ്ങീ

ചതിചെപ്പുകൾക്കുള്ളിലെത്ര
ദിനങ്ങൾ മരിച്ചു
സ്നേഹത്തിന്റെ ചിത്രങ്ങളെല്ലാം
നിഴൽപ്പുറ്റുകൾ തിന്നു
കത്തിയും കെട്ടും പുകച്ചും
പലേനാളിലഗ്നിയും വിങ്ങി
മുനമ്പിലെ ധ്യാനങ്ങളൊക്കെയും
മാഞ്ഞുതീർന്നീചക്രവാളത്തിനർഥവും
തീർന്നു, നടന്നുനീങ്ങും വഴിയ്ക്കെത്ര
നാനാർഥങ്ങൾ, ചുറ്റിനീങ്ങും
വലയ്ക്കെത്രയോ ശാഖകൾ,
ശൃംഗങ്ങളിൽ ശിരസ്സെത്ര താഴ്ത്തുന്നീ
യുഗത്തിന്റെ സൃഷ്ടികൾ
കത്തുന്നുവോ യാഗപർവങ്ങളീ
ഭൂവിലെത്തിനിൽക്കും
തമോഗർത്തങ്ങൾ
കാണാത്ത ദിക്കുകൾ തേടി
നടന്നുനടന്നു ഞാനെത്തി
മൊഴിക്കുള്ളിലെന്നെയും
കാത്തിരുന്നെത്രനാളാവിണ്ണിലേറിയ
താരകം;
കത്തുന്നുമില്ല കെടുന്നുമില്ല
സർഗ സൃഷ്ടികൾക്കെന്നുമൊരേ
പ്രകാശം, മിഴിചെപ്പിൽ തുടുക്കുന്ന
നക്ഷത്രകാവ്യങ്ങളെത്രനാളെത്രനാൾ
കണ്ടു മഹാസത്യമെത്തിനിൽക്കുന്ന
പ്രപഞ്ചത്തിനത്ഭുതം
 നക്ഷത്രങ്ങളുടെ കവിത...
 
വർഷം കഴിഞ്ഞു
നിഴൽപ്പാടുമായ്
ഗ്രീഷ്മഭിത്തികൾക്കുള്ളിൽ
കുനിഞ്ഞിരുന്നു യുഗം
ചിത്രങ്ങൾ തൂക്കിപ്പെരുക്കിയാ
ഹസ്തിനമെത്രചുരുങ്ങി
ചതിചെപ്പുകൾക്കുള്ളിലെത്ര
ദിനങ്ങൾ മരിച്ചു
സ്നേഹത്തിന്റെ ചിത്രങ്ങളെല്ലാം
നിഴൽപ്പുറ്റുകൾ തിന്നു
കത്തിയും കെട്ടും പുകച്ചും
പലേനാളിലഗ്നിയും വിങ്ങി
മുനമ്പിലെ ധ്യാനങ്ങളൊക്കെയും
മാഞ്ഞുതീർന്നീചക്രവാളത്തിനർഥവും
തീർന്നു, നടന്നുനീങ്ങും വഴിയ്ക്കെത്ര
നാനാർഥങ്ങൾ, ചുറ്റിനീങ്ങും
വലയ്ക്കെത്രയോ ശാഖകൾ,
ശൃംഗങ്ങളിൽ ശിരസ്സെത്ര താഴ്ത്തുന്നീ
യുഗത്തിന്റെ സൃഷ്ടികൾ
കത്തുന്നുവോ യാഗപർവങ്ങളീ
ഭൂവിലെത്തിനിൽക്കും
തമോഗർത്തങ്ങൾ
കാണാത്ത ദിക്കുകൾ തേടി
നടന്നുനടന്നു ഞാനെത്തി
മൊഴിക്കുള്ളിലെന്നെയും
കാത്തിരുന്നെത്രനാളാവിണ്ണിലേറിയ
താരകം;
കത്തുന്നുമില്ല കെടുന്നുമില്ല
സർഗ സൃഷ്ടികൾക്കെന്നുമൊരേ
പ്രകാശം, മിഴിചെപ്പിൽ തുടുക്കുന്ന
നക്ഷത്രകാവ്യങ്ങളെത്രനാളെത്രനാൾ
കണ്ടു മഹാസത്യമെത്തിനിൽക്കുന്ന
പ്രപഞ്ചത്തിനത്ഭുതം

Wednesday, September 12, 2012

നക്ഷത്രങ്ങളുടെ കവിത

 
മഴയിലെന്നേമാഞ്ഞു
സ്വപ്നങ്ങളിതളുകൾ
കരിയിലക്കുള്ളിൽ
കരിഞ്ഞുപോയ് കാവ്യവും
എങ്കിലും നക്ഷത്രമേകി
പ്രകാശം
കൺകളിൽ തൂവി
മഹാസാഗരത്തിന്റെ
മന്ത്രം...

സങ്കടങ്ങൾ മാഞ്ഞുതീർന്നു
ദിനങ്ങളിൽ ചന്ദനപ്പൂക്കൾ
വിരിഞ്ഞു
എങ്ങുനിന്നോവന്നു
ജാലക ചില്ലുകൾ
കല്ലാലുടച്ചവർ പോയി
ചില്ലക്ഷരങ്ങളിൽ
തട്ടിവീണാനിഴൽ
ചില്ലുകൂടും തകർന്നു

ആരണ്യവാസം 

കഴിഞ്ഞുവന്നീ ഭൂവിലാകെ
തളിർക്കുന്ന സർഗം
ഈറൻ തണുപ്പാർന്നു
സന്ധ്യകൾ പാടുന്ന
തീരകാവ്യം;
മുനമ്പിന്റെ കാവ്യം...
ഗോവണിചുറ്റുകൾ
കേറിയാകാശത്തിലേറുന്ന
നക്ഷത്രകാവ്യം..

Monday, September 10, 2012

 മൊഴി


പ്രളയം കഴിഞ്ഞു
തിരപ്പാടുകൾ മാഞ്ഞ
കടലിനിന്നെന്തുഭംഗി...
മുകിലുകൾ മാഞ്ഞു
മഴതുള്ളികൾ
കാവ്യമെഴുതിപ്പിരിഞ്ഞു..
പക
ലിൽ,   കാറ്റിലൊരു
ഭാദ്രപാദം വരുന്നു..
ഇരുളുമാഞ്ഞു തീരഭംഗിയിൽ
സന്ധ്യതൻ മിഴിയിൽ
വിളക്കും തെളിഞ്ഞു..
കടലാസുതാളിൽ 

തുളുമ്പിതുളുമ്പിയാ നിഴലും
മറഞ്ഞു, സമുദ്രങ്ങളിൽ
നിന്നുമെഴുതുവാൻ
വന്നു വസുന്ധര
വാത്മീകമതിനുള്ളിൽ
മാഞ്ഞു നിറങ്ങൾ..

പ്രളയം കഴിഞ്ഞു
തിരപ്പാടുകൾ മാഞ്ഞ
ജപമണ്ഡപങ്ങൾ..
ഒരു മന്ത്രമെഴുതുന്ന വാനം
പഴേകാല ലിപികളെ
തേടുന്ന സത്യം...
നിലവറകളിൽ വിലങ്ങെല്ലാമുടയ്ക്കുന്ന
സ്വരമേറ്റുമൊരു താളിയോല...
കനലുകൾ തിന്നുതിന്നഗ്നിയാ
പാത്രത്തിലെഴുതുന്നതാഗ്നേയ
മന്ത്രം..
മഴപെയ്തുപെയ്തൊടുവിൽ
തണുക്കുന്ന മനസ്സിൽ
തളിർക്കുന്ന ശാന്തി..
പടവുകൾ താണ്ടിയീ പ്രളയവും
കണ്ടുകണ്ടെഴുതാനിരിക്കുന്നു
ഭൂമി..

Sunday, September 9, 2012

 മൊഴി

ഒരോ ദിനാന്ത്യവും
പകലിനായെഴുതുന്നതോരോ
നിറം ചേർത്ത കഥകൾ...
കഥയിൽ ഋണം തീർക്കുമൊരു
ഭൂതകാലം
മിഴിയിൽ തിളങ്ങുന്നതൊരു
താരകം
പക തീർത്തുനീങ്ങുന്നതൊരു
വിപ്ലവം
പുലരി നീട്ടുന്നതോ
പവിഴമല്ലി
മഴവീണുകുളിരുന്നതൊരു
പുൽക്കൊടി..

മൊഴിയിൽ മുറിപ്പാടുകൾ..
മഷിയിൽ നിഴൽപ്പാടുകൾ..
ചിരിതൂകിയാകെ തിമിർക്കുന്ന
സ്വാർഥം...
പുകമൂടിനിൽക്കുന്ന ദർപ്പണങ്ങൾ..

പകലുകൾ സാക്ഷ്യം
രചിക്കുന്ന സായാഹ്നമെഴുതുന്ന
തീരങ്ങളിൽ
ഒരുതിരയ്ക്കുള്ളിലെ
മൺചിറ്റുകൾ മാത്രം
അകലെ കടൽ,
ഒരുചക്രവാളത്തിനരികിലായ്
സർഗങ്ങളെഴുതും കടൽ,
പ്രളയങ്ങൾ കണ്ടുകണ്ടാലില
തുമ്പിലായ് കവിതയേറ്റും കടൽ;
മനസ്സിൻ കടൽ...

Friday, September 7, 2012

ഭൂസങ്കല്പത്തിലെ ഓണം..
ഇതിഹാസത്തിനൊരിതൾ....


വഴിനടന്നെത്തിയീ 
നർമ്മാദതീരത്തിലവിടെയാണൊരു
യാഗമശ്വമേധം
പുകയുന്നതിന്ദ്രഗർവം 
പഴേ രാജ്യത്തിനിടയിലെങ്ങോ
ദേവദു:ഖഭാവം

വഴി നടന്നെത്തിയീ
യാഗപർവത്തിന്റെയരികിലോ 
ദാനഗർവം
ഇതിഹാസമേ വീണ്ടുമിവിടെ
 വാത്മീകങ്ങളുണരുന്നുവോ
കാറ്റിലൊരു മന്ത്രമായ്

 വേദമുണരുന്നുവോ

പ്രകൃതിനേദിക്കുന്നു
ചെമ്പകപ്പൂവുകൾ 
കവിതയിൽ വിരിയുന്നു തുമ്പകൾ
കൺകളിൽ നിറയുന്ന 
 വ്യോമചിത്രത്തിന്റെ സൗഹൃദം.

കൃതയുഗം ത്രേതായുഗത്തിന്റെ വാതിലിൽ, 
മുരളിയുമായൊരു ദ്വാപരം
പിന്നെയീ കരിപോലെയാകെകറുക്കും 
യുഗത്തിന്റെ  നിറുകയിൽ നിൽക്കും
പതാകൾ, പകലുകൾ..

വഴിനടന്നെത്തിയീ  
നർമ്മദാതീരത്തിലവിടെയാണശ്വമേധം..
ഒഴുകുന്നതാദിമദ്ധ്യാന്തം കടന്നെത്തുമൊരു 
പരാത് രൂപം, വിശ്വരൂപം
എവിടെയോ ഭൂമിതന്നാദ്യമന്ത്രം,
എഴുതുന്നതാകാശദിവ്യഭാവം
ഒഴുകുന്നതളകനന്ദ..
ഒഴകുന്നതാകാശഗംഗ..
അരികിലായവതാരഭാവം...
 അരികിലായ് വീണ്ടും പുനർജനിക്കും
 ജീവഭാവം, മഹാത്യാഗപർവം..

ഒരു യാത്ര വീണ്ടുമീ സ്വർഗരാജ്യത്തിന്റെ 
മുറിവുകൾകണ്ടുകണ്ടാകെ
ദു:ഖിക്കുന്ന ഹൃദയവുമായൊരു രാജഭാവം
യുഗമതിൽ നിന്നും നടന്നെങ്കിലും 
ചിങ്ങമൊരു നേർത്ത സത്യം
പുലർവെളിച്ചം..
കവിതപോലെന്നും വിടർന്നുപൂക്കുന്നോരു
പകലിന്റെ സത്യം.. 
പഴേകാലമൊരു കസവുപുടവയിൽ
തുന്നുന്ന സത്യം.. ഓണം...ഒരോർമ്മ,

 പകലിന്റെ സത്യം..
സമത്വം മറന്നോരു പുതിയ കാലത്തിന്റെ ദൈന്യം
പുരാണത്തിലൊഴുകുന്ന സങ്കല്പകാവ്യം....

വഴിനടന്നെത്തിയീ നഗരം രചിക്കുന്നൊരോണം
പഴേ ഗ്രാമവഴിയിലെ പൂവുകൾ സ്വപ്നം....
വഴിനടന്നെത്തിയീ വർത്തമാനത്തിന്റെ
പടവുകൾ താണ്ടുന്നൊരോണം..
സമത്വസങ്കല്പത്തിനിതളുകൾ 

മായുന്നൊരോണം...
യുഗമതിൽ നിന്നും നടന്നെങ്കിലും
ചിങ്ങമൊരു നേർത്ത സത്യം, പുലർവെളിച്ചം, ദീപശിഖയുമായ് ഭൂവിന്റെ
ഹൃദയത്തിലേറും സമത്വം,

സനാതനസത്യം..
 

Thursday, September 6, 2012

 മൊഴി

വില്വപത്രങ്ങളിൽ, രുദ്രാക്ഷമന്ത്രത്തിലെന്നും
പ്രദോഷകാലങ്ങളിൽ, സന്ധ്യയിൽ
ശംഖുകൾക്കുള്ളിൽ, ത്രികാലം മറന്നാദി
മന്ത്രങ്ങൾ തേടുന്നൊരാകാശഭംഗിയിൽ
ആയിരം ദീപങ്ങളെ കാഴ്ച്ചയേറ്റുന്നൊരാ
താരകങ്ങൾ  പ്രകാശകാവ്യത്തിന്റെയോരോ
തുടുപ്പുകൾ, പൂവുകൾ,  കാണുന്നൊരീ പ്രപഞ്ചത്തിന്റെയോരോപകർപ്പുകൾ
ഒരോ ദിനത്തിന്റെ ചെപ്പിലും
പിന്നെയീയാരോഹണത്തിൻ സ്വരത്തിലും
സാഗരമോരോമണൽത്തരിക്കുള്ളിലും
നീട്ടുന്നൊരേകഭാവത്തിന്റെ നേരുകൾക്കുള്ളിലും
ലോകം തിരിക്കുന്ന ചില്ലുകൂടാരങ്ങളാകെ
തകർന്നുവീഴുന്നോരു രാജ്യങ്ങളായതിൽ
തേരുമായോടുന്ന സഖ്യങ്ങളേതോ
ഗ്രഹാന്തരയാത്രപോൽ ചുറ്റുന്ന കാലപ്പകർപ്പുകൾ,
കർമ്മകാണ്ഡത്തിന്റെയേതോ പരാധീനദൈന്യം
മഹായാഗവേദികൾക്കുള്ളിൽ മരിക്കുന്നസങ്കടം.
നീർമഴതുള്ളികൾക്കുള്ളിൽ തളിർക്കുന്ന
കാറ്റിന്റെ മർമ്മരം, കാവ്യം തുടുക്കുന്ന തീരം
വിശാലമാം കോട്ടകൾ താണ്ടിവന്നെത്തും
പുരാണങ്ങൾ..
ആറ്റുവക്കിൽ പണ്ടുപണ്ടേ നിഴൽക്കാടുപൂത്തു
നിറം മങ്ങിനിന്നു യുഗങ്ങളും
ഏറ്റിക്കുറച്ചുവച്ചോർമ്മകൾ മാഞ്ഞോരു
പാട്ടിലുമേറിയപസ്വരങ്ങൾ  മഴക്കാടുകൾക്കുള്ളിൽ മുളംതണ്ടുകൾ ചേർത്തു ഗ്രാമം 

ഋണപ്പാടുകൾ മായ്ച്ചു യാത്രയായ്...

Tuesday, September 4, 2012


 ഹൃദ്സ്പന്ദനങ്ങൾ


ആകാശത്തിനൊരിതളിൽ
തിളങ്ങിയ നക്ഷത്രമേ
എഴുതിമുഴുമിപ്പിക്കാനാവാത്ത
ഹൃദ്സ്പന്ദനങ്ങളേ
മഴക്കാലത്തിൽ കുളിർന്ന
മനോഹരമിമുദ്യാനനഗരത്തിലിരുന്ന്
നമുക്കെഴുതാം വീണ്ടും..
ചുറ്റുവലയങ്ങൾ
തുരുമ്പുവീഴ്ത്തിയ
വിരൽതുമ്പിൽ
മഴതുള്ളിയാൽ കടഞ്ഞ
അമൃതുതൂവി
മനസ്സിലെ ശൂന്യതിയിൽ
പുനർജനിയുടെ
മൃതസഞ്ജീവനിമന്ത്രം
ചൊല്ലിയുണർത്താം
മരണപ്പെട്ടുപ്പോയ
മനോഹരപദങ്ങളെ..
ദർപ്പണങ്ങളിൽ വീണുടഞ്ഞ
മൺ വിളക്കുകൾ
വീ
ണ്ടും ചേർത്തു സന്ധ്യയുടെ
സ്പന്ദനലയമാക്കാം
വിളിപ്പാടകലെ
ഭൂമിയുടെ മൃദുസ്പർശത്തിൽ,
മൺ തരികളിൽ,
സമുദ്രരാഗങ്ങളിൽ
തൊട്ടുതൊട്ടെഴുതാം
ചുറ്റമ്പലത്തിൽ
കൽത്തേരിലേറ്റിയ പ്രതിമകളിൽ
ജീവനുണരും വരെയും
പവിഴമല്ലിയിതളുകളിൽ
നമുക്കെഴുതാം...
ഗായത്രിയെഴുതുന്നു

മീര,
എഴുതേണ്ടിവന്നു പലതും...
എഴുതിയുടഞ്ഞുതീർന്ന ദിനാന്ത്യങ്ങളിൽ, ചായം തൂവിയ പാത്രങ്ങളിൽ,
കണ്ടുകണ്ടു മുഷിവുളവായ കൃത്രിമപ്രദർശനങ്ങളിൽ,
അനീതിപത്രികയൊരുക്കിയവരുടെ മുദ്രകളിൽ,
അരോചകമായ ഒരു ഗർവം കണ്ടപ്പോൾ
എഴുതേണ്ടിവന്നു പലതും...

നമ്മുളുടെ വാതിൽപ്പടിയുടെ പിന്നിലെത്രനാളിവർ നമ്മളറിയാതെയൊളിപാർത്തു,
ആകാശവാതിലിലെ ദൈവം കണ്ടിരിക്കുന്നു അവരെയെല്ലാം..
നമ്മളുടെ വാക്കുകൾ കീറിമുറിച്ചളന്നുതൂക്കിയെത്രനാളാഘോഷിച്ചു ഇവർ.
അതിനെയൊന്നു ചോദ്യം ചെയ്തപ്പോഴേക്കും എന്തൊക്കെ പ്രകടനങ്ങളാണു കാണേണ്ടിവന്നത്..
നേരിന്റെ സുഗന്ധമില്ലാത്ത പണതുട്ടുകൾ കൈയിലേറ്റിയാഘോഷിച്ചവരുടെ പ്രകടനം..
പണത്തിനായെന്തും ചെയ്യും ചായക്കൂട്ടിൻ പ്രദർശനം...
സ്തുതിപാഠകരുടെ ചിരിയുളവാക്കും പ്രദർശനം
അങ്ങനെയങ്ങനെയെത്രദിനങ്ങൾ...

എനിയ്ക്കോർമ്മയുണ്ട്..വർഷങ്ങളോളം ചെയ്ത ഉപദ്രവങ്ങൾക്കന്ത്യമെന്നപോൽ മൃദംഗതാളലയവുമായ്
ഒരു ജനുവരി മുതൽ നാലുമാസങ്ങളിലിവർ പണിതീർത്ത അരക്കില്ലങ്ങൾ..
മഷിതുള്ളികളിലൂടെയൊഴുക്കിയ കയ്പ്..  പിന്നീടുള്ള അഭിനയങ്ങൾ..
പ്രതികരിക്കാനല്പം കടുത്ത വാക്കു തേടിയപ്പോൾ അതിനെതിരേ പ്രതികാരപ്രകടനം..
ഇപ്പോൾ പറഞ്ഞുഫലിപ്പിക്കാൻ ശ്രമിക്കുന്നു.. അതും പ്രദർശനങ്ങളിലൂടെ...
പുതിയ ലോകം എത്ര മനോഹരം..
പഴയ ലോകമേ നീ ദു:ഖിക്കുക, നീ കണ്ടസൂയപ്പെടുക എന്നൊരു ധ്വനി അതിലുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്..

ആകാശവാതിലിലെ ദൈവമേ ഒരീറൻസന്ധ്യയിൽ അറിയാതെയുറങ്ങിപ്പോയ മനസ്സിൽ കണ്ട കാവ്യസ്വപ്നമൊരു ദു:സ്വപ്നത്തിൽ മായ്ക്കാതിരിക്കുക.. ദിനാന്ത്യത്തിൻ ചെപ്പിൽ നിറച്ചാലും നക്ഷത്രങ്ങളെപ്പോലെ പ്രകാശമുള്ള കാവ്യങ്ങൾ....

Monday, September 3, 2012

 മൊഴി


ഗ്രാമം മനസ്സിലെഴുതിയ
ചന്ദനസുഗന്ധമാർന്ന
തുളസിപ്പൂക്കവിതകളിലൂടെ,
അറിഞ്ഞുമറിയാതെയും
പുഴതീർത്തകയങ്ങളിൽ വീണുടഞ്ഞ
കാവ്യസ്വരങ്ങളിലൂടെ,
സത്യത്തിൻ മുഖത്തോലവിരികെട്ടി
മറച്ച നിമിഷങ്ങളിൽ
ദർപ്പണങ്ങളിൽ കാണാനായ
കൈതപ്പൂവിതളുകളിലൂടെ,
സ്നേഹമഭിനയിച്ച
ശിരോപടങ്ങളിലൂടെ,
കവിതയുടെ ഭൂപടങ്ങളിൽ
കറുപ്പുതൂവിയ കൃഷ്ണപക്ഷങ്ങളിലൂടെ,
അഗ്നിതൂവിയ വാക്കുകളിലൂടെ,
തീരങ്ങളേറിയൊഴുകിയ
കടലിനിരമ്പത്തിലൂടെ,
ശരകൂടങ്ങളിലൂടെ,
പണതുട്ടുകൾക്കരികിൽ
ശിരസ്സുതാഴ്ത്തിനീങ്ങിയ
അസത്യങ്ങളിലൂടെ,
ദിനാന്ത്യങ്ങളുടെയാസ്ഥിപത്രത്തിൽ
എഴുതിക്കുറിച്ചിട്ട പദങ്ങളിലൂടെ
നടന്നുനീങ്ങിയ സംവൽസരങ്ങളേ
മിഴിയിൽ നിറഞ്ഞ അരങ്ങിലെ
കാഴ്ച്ചപ്പാടിൽ
കണ്ടുതീർന്ന നാട്യത്തിൻ നിസ്സംഗത
പഴകിതീർന്ന പകയുടെ നേർത്ത പുക..
ഒരീറൻ സന്ധ്യയുടെ കർപ്പൂരഗന്ധം..
ഹൃദയത്തിൻ നിലയ്ക്കാത്ത സ്പന്ദനലയം
നക്ഷത്രങ്ങളിൽ തിളങ്ങും
പ്രകാശം....

മീരയെഴുതുന്നു

പ്രിയപ്പെട്ട ഗായത്രി,
അവരെഴുതട്ടെ.. എഴുതി നിറയ്ക്കട്ടെ.. അസ്വസ്ഥഗാനങ്ങൾ, ആത്മാവിലൊരു മന്ത്രം പോലെ, പണ്ടുപണ്ടെഴുതിയ പ്രണയഗാനങ്ങൾ.. മധുരതരമാം ചിത്രങ്ങൾ..
എത്രയോ ദിനങ്ങളിൽ, എത്രയോ ഋതുക്കളിൽ, എഴുതിതീർന്ന വിലാപകാവ്യങ്ങൾ, എഴുതിതീർക്കേണ്ട കടലാസുതാളുകൾ.. നീണ്ടുനീണ്ടുപോയേക്കാം എഴുത്തുമഷിപ്പാടുകൾ..
പറയുന്നതൊന്ന്, മനസ്സിലാക്കുന്നത് വേറൊന്ന്.. കവിതയിൽ മുങ്ങിയ മുഖം തേടിയൊടുവിൽ ശിരോപടങ്ങളിലൂടെയൊഴുകിയെത്തിയ അസ്വസ്ഥതകൾ,
വിശ്വാസ്യതയിലെയവിശ്വാസത..മുന്നിലൊഴുകിയത് സത്യമോ, മിഥ്യയോ എന്നറിയാനിനിയെന്തിനൊരു ഗവേഷണം.. 

അവരെഴുതട്ടെ...
അന്തരാത്മാവിന്റെയവലോകനങ്ങൾ, ഋണബാദ്ധ്യതയുടെ ബാക്കിപത്രം..സഹിക്കാവുന്നതിലേറെയും സഹിക്കാനായതിനാൽ ഇനിയെന്ത് എന്നെന്തിനാലോചിക്കണം..
ഒരോയിതളുമടർത്തിയടർത്തിയൊടുവിൽ പരീക്ഷണശാലയിൽ ബാക്കിയായ ഹൃദ്സ്പന്ദനങ്ങളിലിന്നും കവിതയുടെ ശ്രുതി കേൾക്കാനാവുന്നു.. പറഞ്ഞുതീർന്ന കഥകൾക്കിനിയും അർഥവിന്യാസമുണ്ടായേക്കും.  അടുക്കിയൊതുക്കാനാവാതെ ചിതറിയ അക്ഷരങ്ങളെ നമുക്കിനിയും മെല്ലെയെടുക്കാം.. 
തീർപ്പുകൾക്കതീതം അക്ഷരങ്ങളുടെ മന്ത്രം..
അതിലോരോന്നും തുളസിമുത്തുകളിൽ ചേർത്തു നമുക്കുമെഴുതാം.. നൂറ്റാണ്ടുകളുടെ ചരിത്രം നീങ്ങിയ വഴിയിൽ, ശിലാഫലകങ്ങളിൽ പ്രതിഫലിക്കട്ടെ അക്ഷരങ്ങളുടെ അദ്വൈതം..

ഗായത്രി,
അവരെഴുതിയിടട്ടെ സംഘർഷലിപികൾ, തത്വങ്ങൾ, നിറപ്പകർച്ചകൾ, ആരോഹരാണവരോഹണങ്ങളിലൊഴുകും ഭൂതഭവിഷ്വവർത്തമാനങ്ങൾ..
കണ്ടുതീർന്ന ഋതുക്കളിലിനിയാവരണങ്ങളുണ്ടാവില്ല.. അതിനുമപ്പുറമാവും അർദ്ധസത്യങ്ങളുടെ നിഗൂഢമാം ഗുഹകൾ.. ആരും കാണാത്ത മനോചിന്തകൾ
വ്യതിചലനത്തിൻ വലയങ്ങൾ, സമാന്തരങ്ങളിലൊഴുകം ഭാഷാലിപികൾ. അർഥശൂന്യമായ് തീർന്ന മൗനം, അധികമെഴുതേണ്ടിവന്ന് വാക്ക്..

ഗായത്രി
അവരെഴുതട്ടെ.. ചുറ്റികതട്ടിയുടഞ്ഞ ചുമരുകളിൽ, ഗ്രഹമിഴിചേർത്തുവച്ച ഹൃദയത്തിന്റെ മുറിവുകളിൽ, അവരെഴുതട്ടെ... അവരുടെയവസാനമില്ലാത്ത യുദ്ധകാണ്ഡകഥകൾ..

ചട്ടക്കൂട്ടിൽ വിലങ്ങിടേണ്ടിവന്ന ഹൃദ്സ്പന്ദനങ്ങളേ..
അഴിമുഖങ്ങളിൽ, അന്തരഗാന്ധാരമുണരും ഉൾക്കടലിൽ, മുനമ്പിൽ, ആകാശത്തിന്റെയനന്തകല്പങ്ങളിൽ
എഴുതിതീർക്കാനിനിയേത് ഋതു??
ഇനിയേതു വർഷം??
ഇനിയേതു ശരത്ക്കാലം??
ഇനിയേതു സമുദ്രം??
ഇനിയേതു ഭൂമി??
സാക്ഷിനിൽക്കും നക്ഷത്രങ്ങളേ
എഴുതിയാലും
ഒരു സർഗം..
നക്ഷത്രങ്ങളുടെ സർഗം....



ഗായത്രിയെഴുതുന്നു

പ്രിയപ്പെട്ട മീര,
അവരെഴുതിക്കൊണ്ടേയിരിക്കുന്നു.. നമുക്കസൂയയാണെന്നവർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നു..
അസൂയയോ??? ആരോട്???? അഴിമതിപ്പണം കൊണ്ടാർഭാടം ചെയ്തവരോടോ,
ശാന്തിനികേതനം സ്വപ്നം കണ്ടെഴുതാനിരുന്ന നമ്മുടെ എഴുത്തുക്ഷരങ്ങളെ ചില്ലുകൂടിലിട്ട്,  ടാഗോറിനെ പുകഴ്ത്താൻ സഭ തേടി പോയവരോടോ നമുക്കസൂയ... ..
നമുക്കസൂയ തോന്നേണ്ടവരെന്നിവർ പറയുന്നവരുടെ ചരിത്രം നോക്കൂ..എത്ര ശോചനീയം...
ചായം തേച്ച് അഴിമതിപ്പണം കൊണ്ടാഘോഷം നടത്തിയവരോട്
നമുക്കസൂയയെന്ന് വരുത്തിതീർക്കാൻ എത്ര കഷ്ടപ്പെടുന്നു മഷിത്തുള്ളികൾ..
വളരെ വിശേഷപ്പെട്ടതു തന്നെ അങ്ങനെയൊരു ലോകം....

അവരെഴുതിക്കൊണ്ടേയിരിക്കുന്നു...
ഒന്നുമെഴുതേണ്ട എന്നു കരുതിയാലും, വാതിലുടച്ചുവന്നതിലേയ്ക്കിടും  ഇത്തിരി വിഷം ഈ അസൂയാകാംക്ഷികൾ.....
എല്ലാം കണ്ടുകണ്ട് മനസ്സിലൊന്നും ബാക്കിയില്ലാതെയായി....
സഹായവും ദ്രോഹവും ചെയ്തു തീർന്ന സമാധാനത്തിൽ സൂത്രധാരൻ പണതുട്ടുകളുമായ് യാത്രയാവുകയും ചെയ്തിരിക്കുന്നു... 
മഷിതുള്ളികളുടെ സഹായത്താൽ കള്ളപ്പണം അലക്കിവെടിപ്പാക്കുകയും
ചെയ്തിരിക്കുന്നു..

അസൂയ!!!! ആർക്കാണാവോ.. അസൂയ കൂടിപ്പോയതിനാലല്ലേ ദുര്യോധനനെപ്പോലെ മറ്റുള്ളവരെ ഇവർ വനവാസത്തിനയക്കുന്നത്...
മനസ്സിൽ കുതന്ത്രം മാത്രം നിറച്ചു നടക്കും ഇവരെപ്പോലുള്ള കുറെയാളുകൾ തന്നെ ഈ രാജ്യത്തിന്റെ ദൈന്യം ...

അസൂയകാംക്ഷികളേ.. ...
നിങ്ങളേപ്പോലുള്ളവർ ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു സ്പന്ദനത്തിൽ പോലുമുണ്ടാവില്ല..  ഞങ്ങൾക്ക് അസൂയ ഉണ്ടാവണമെന്ന് അതിയാശയോടുകൂടി ആരെങ്കിലും പ്രകടനസഭയിൽ പ്രകടനം നടത്തുമ്പോൾ
ഞങ്ങളുടെ മനസ്സിലുണ്ടാവുന്ന ചിന്ത ഇങ്ങനെയായിരിക്കും... 
ദൈവമേ ആരെ കാട്ടാനാണിങ്ങനെയൊരു പ്രകടനം...

മീര,
എത്രയെഴുതിയാലും അവരു പറയുന്നതേ ശരി എന്നവർ വിശ്വസിക്കുന്നു.. ..
എത്ര ഭാരമേറിയ ചുമടും ഇന്നൊരു തൂവൽ ഭാരം.. 
ആകാശവാതിലിലെ ദൈവമേ ഞങ്ങൾക്കെഴുതി സൂക്ഷിക്കാൻ
നക്ഷത്രങ്ങൾ.. പ്രപഞ്ചം... സമുദ്രം..

നമുക്കെഴുതിക്കൊണ്ടേയിരിക്കാം...

 ഗായത്രി

Sunday, September 2, 2012

നക്ഷത്രങ്ങളുടെ കവിത

നിഗൂഢതയുടെ
ആരണ്യകത്തിലൂടെ
ദുർഘടമാം ഗ്രഹദൈന്യങ്ങളിലൂടെ
വാനപ്രസ്ഥവും കഴിഞ്ഞെത്തും
ഹൃദ്സപന്ദനങ്ങളേ
ചന്ദനസുഗന്ധമാർന്ന
തീവ്രപരിചരണത്തിൻ
തീർഥവുമായ് മഴയൊഴുകുമ്പോൾ,
സങ്കീർത്തനമായ്
പ്രഭാതമുണരുമ്പോൾ
പ്രകാശം തൂവി
എണ്ണവിളക്കുകൾ
തെളിയുമ്പോൾ
മഹാസമുദ്രമൊരു
ഘനരാഗശ്രുതിയിലൊഴുകുമ്പോൾ
അരയാൽത്തണലിൽ
ഗ്രാമമൊരു കസവുനേരിയതു
തുന്നുമ്പോൾ
കവിതവിടരും മിഴിയിൽ
പ്രപഞ്ചമുണരുമ്പോൾ
ആകാശത്തിനരികിൽ
ചക്രവാളമെഴുതും
നക്ഷത്രങ്ങളുടെ കവിതയിൽ
നമുക്കലിയാം
ഒരു പ്രകാശബിന്ദുപോലെ..
മൊഴി
  
 പലകഥകളിൽ,
അസത്യത്തിൻ
ആടയാഭരണങ്ങളിൽ

വിശ്വസീനയമെന്നു 
വിശ്വസിപ്പിക്കാൻ ശ്രമിച്ച
എഴുത്തക്ഷരങ്ങളിൽ
അറിയാതെ വീണുപോയ
നക്ഷത്രകാവ്യമേ
ഇനിയുമണിയറയിൽ
ശിരോപടങ്ങളുടെ
തനിപ്പകർപ്പുകൾ
തുന്നിക്കൂട്ടിയെടുത്തിനീട്ടും
സ്നേഹവചനങ്ങളിൽ
വീണുപോവാതിരിക്കുക

പലചിത്രങ്ങളിൽ,
ചായമൊഴുക്കിയ,
പ്രതലങ്ങളിൽ
മഴവീണുകുളിർന്ന
മണ്ണിൽ
വീണ്ടുമുണർന്നേക്കും
ഹൃദ്സ്പന്ദനങ്ങളിൽ
മുറിവുണർത്തിനീങ്ങും
അനേകമനേകം
മുഖാവരണങ്ങൾ
അതിനരികിലൊരുനാൾ
അത്ഭുതവും പിന്നീടു രോഷവും
തീർത്ത നക്ഷത്രവിളക്കുകളേ

നമുക്കീ സമുദ്രതീരത്തിരുന്നെഴുതാം
എഴുതിയെഴുതി മറന്നുതീർക്കാം
മുഖാവരണങ്ങൾ തീർത്ത
ചില്ലുകൂടാരങ്ങൾ, വിലങ്ങുകൾ
അതിലൂടെയൊഴുകി മാഞ്ഞ
സംവൽസരങ്ങൾ...
എല്ലാം മാഞ്ഞുതീരും വരെയും
നക്ഷത്രങ്ങളേ കവിതയെഴുതാം
ആകാശത്തിനനന്തഭാവങ്ങളിൽ...


Saturday, September 1, 2012

 മൊഴി
 
പാതയുടെയരികിലൂടെ
പാതിമറഞ്ഞ നിഴലിലൂടെ
സായാഹ്നമെഴുതിപ്പെരുക്കിയ
ഇതിഹാസത്തിനൊരിതളിൽ
ഗ്രന്ഥശാലയുടെ പഴമ
തുന്നിക്കെട്ടിയ തൂവലുകളിൽ
മഴതോർന്ന വാനം

ഇതളടർന്ന പൂവുകളിലൂടെ
കൊഴിയും ദിനങ്ങൾ
നടന്നുനീങ്ങും നേർത്ത ശബ്ദം
മൃദംഗതാളത്തിൻ
തനിയാവർത്തനം തീർന്ന
നിശ്ശബ്ദമണ്ഡപം
അശ്വമേധമൊരുപപുരാണകഥ

മഹാവേദങ്ങളിലൂടെ
കവിതയൊഴുകും സങ്കല്പങ്ങളിലൂടെ
സ്ഫുടം ചെയ്ത
ഒരെഴുത്തുപുരയിൽ
ഏകതാരയിൽ ശ്രുതിചേർക്കും
മനസ്സേ
സമുദ്രത്തിലൂടെയൊഴുകിയെത്തും
ശംഖുകൾ പ്രഭാതങ്ങളുണർത്തുമ്പോൾ
എഴുതാമൊരു മുനമ്പിൻ സങ്കീർത്തനം
എഴുതിയെഴുതിയീമൊഴിയിലെ
മഴതുള്ളിയിലലിയാം...