Saturday, September 1, 2012

 മൊഴി
 
പാതയുടെയരികിലൂടെ
പാതിമറഞ്ഞ നിഴലിലൂടെ
സായാഹ്നമെഴുതിപ്പെരുക്കിയ
ഇതിഹാസത്തിനൊരിതളിൽ
ഗ്രന്ഥശാലയുടെ പഴമ
തുന്നിക്കെട്ടിയ തൂവലുകളിൽ
മഴതോർന്ന വാനം

ഇതളടർന്ന പൂവുകളിലൂടെ
കൊഴിയും ദിനങ്ങൾ
നടന്നുനീങ്ങും നേർത്ത ശബ്ദം
മൃദംഗതാളത്തിൻ
തനിയാവർത്തനം തീർന്ന
നിശ്ശബ്ദമണ്ഡപം
അശ്വമേധമൊരുപപുരാണകഥ

മഹാവേദങ്ങളിലൂടെ
കവിതയൊഴുകും സങ്കല്പങ്ങളിലൂടെ
സ്ഫുടം ചെയ്ത
ഒരെഴുത്തുപുരയിൽ
ഏകതാരയിൽ ശ്രുതിചേർക്കും
മനസ്സേ
സമുദ്രത്തിലൂടെയൊഴുകിയെത്തും
ശംഖുകൾ പ്രഭാതങ്ങളുണർത്തുമ്പോൾ
എഴുതാമൊരു മുനമ്പിൻ സങ്കീർത്തനം
എഴുതിയെഴുതിയീമൊഴിയിലെ
മഴതുള്ളിയിലലിയാം...

No comments:

Post a Comment