നക്ഷത്രങ്ങളുടെ കവിത
തീർക്കുന്നതായിരം സങ്കീർണ്ണ
ചിത്രങ്ങളെങ്കിലും
ഈവഴിയ്ക്കപ്പുറം ഗ്രാമം
നടന്നെത്തുമാലിലതുമ്പിലെൻ
കാവ്യം തുടുക്കുന്നു..
കാറ്റിന്റെ മർമ്മരം
കാതിൽ സ്വരങ്ങളെ
ചേർത്തുവയ്ക്കുന്നു,
മുളം കാടുകൾ പഴേപാട്ടുകൾ
തേടിയാരണ്യകമേറുന്നു...
എത്രയോ നാളിൽ
വിരൽതുമ്പിലേറ്റിയോരക്ഷരങ്ങൾ
പുനർമന്ത്രങ്ങളേറ്റിവന്നീപ്രഭാതത്തിൽ
മുനമ്പിലേറീടുന്നു...
എത്രനാളീതീരഭൂവിന്റെ
കാവ്യങ്ങളീക്കടൽചിപ്പിയിൽ
സ്പന്ദിച്ചിരിക്കുന്നു...
ദൃശ്യമദൃശ്യമീചക്രവാളം
മിഴിയ്ക്കപ്പുറം നീളുമനന്തസത്യം
ഗ്രഹഭിത്തികളെല്ലാമുടഞ്ഞുതീരും
വരെയെത്ര യുഗങ്ങൾ നടന്നുപോയീവഴിയെത്ര
ചുരുങ്ങീയീ പാതകളെങ്കിലും
അക്ഷരങ്ങൾ പൂക്കളായിവിടരുന്നൊരത്ഭുതം
വീണ്ടും മിഴിക്കോണിലേറുന്നു...
എത്രസായാഹ്നങ്ങളെത്രസായന്തനമത്രയും
ചിഹ്നങ്ങളെത്രയോ ഗാനങ്ങൾ
മുദ്രകളെല്ലാം പതിച്ചുതീർന്നാധികൾ
മെല്ലെ നടന്നുനീങ്ങും വഴിയ്ക്കപ്പുറം
എന്നും തിളങ്ങുന്നൊരാർദ്രനക്ഷത്രമേ
വന്നാലുമെന്റെയീ ഭൂഗാനമുദ്രയിൽ...
No comments:
Post a Comment