Friday, September 7, 2012

ഭൂസങ്കല്പത്തിലെ ഓണം..
ഇതിഹാസത്തിനൊരിതൾ....


വഴിനടന്നെത്തിയീ 
നർമ്മാദതീരത്തിലവിടെയാണൊരു
യാഗമശ്വമേധം
പുകയുന്നതിന്ദ്രഗർവം 
പഴേ രാജ്യത്തിനിടയിലെങ്ങോ
ദേവദു:ഖഭാവം

വഴി നടന്നെത്തിയീ
യാഗപർവത്തിന്റെയരികിലോ 
ദാനഗർവം
ഇതിഹാസമേ വീണ്ടുമിവിടെ
 വാത്മീകങ്ങളുണരുന്നുവോ
കാറ്റിലൊരു മന്ത്രമായ്

 വേദമുണരുന്നുവോ

പ്രകൃതിനേദിക്കുന്നു
ചെമ്പകപ്പൂവുകൾ 
കവിതയിൽ വിരിയുന്നു തുമ്പകൾ
കൺകളിൽ നിറയുന്ന 
 വ്യോമചിത്രത്തിന്റെ സൗഹൃദം.

കൃതയുഗം ത്രേതായുഗത്തിന്റെ വാതിലിൽ, 
മുരളിയുമായൊരു ദ്വാപരം
പിന്നെയീ കരിപോലെയാകെകറുക്കും 
യുഗത്തിന്റെ  നിറുകയിൽ നിൽക്കും
പതാകൾ, പകലുകൾ..

വഴിനടന്നെത്തിയീ  
നർമ്മദാതീരത്തിലവിടെയാണശ്വമേധം..
ഒഴുകുന്നതാദിമദ്ധ്യാന്തം കടന്നെത്തുമൊരു 
പരാത് രൂപം, വിശ്വരൂപം
എവിടെയോ ഭൂമിതന്നാദ്യമന്ത്രം,
എഴുതുന്നതാകാശദിവ്യഭാവം
ഒഴുകുന്നതളകനന്ദ..
ഒഴകുന്നതാകാശഗംഗ..
അരികിലായവതാരഭാവം...
 അരികിലായ് വീണ്ടും പുനർജനിക്കും
 ജീവഭാവം, മഹാത്യാഗപർവം..

ഒരു യാത്ര വീണ്ടുമീ സ്വർഗരാജ്യത്തിന്റെ 
മുറിവുകൾകണ്ടുകണ്ടാകെ
ദു:ഖിക്കുന്ന ഹൃദയവുമായൊരു രാജഭാവം
യുഗമതിൽ നിന്നും നടന്നെങ്കിലും 
ചിങ്ങമൊരു നേർത്ത സത്യം
പുലർവെളിച്ചം..
കവിതപോലെന്നും വിടർന്നുപൂക്കുന്നോരു
പകലിന്റെ സത്യം.. 
പഴേകാലമൊരു കസവുപുടവയിൽ
തുന്നുന്ന സത്യം.. ഓണം...ഒരോർമ്മ,

 പകലിന്റെ സത്യം..
സമത്വം മറന്നോരു പുതിയ കാലത്തിന്റെ ദൈന്യം
പുരാണത്തിലൊഴുകുന്ന സങ്കല്പകാവ്യം....

വഴിനടന്നെത്തിയീ നഗരം രചിക്കുന്നൊരോണം
പഴേ ഗ്രാമവഴിയിലെ പൂവുകൾ സ്വപ്നം....
വഴിനടന്നെത്തിയീ വർത്തമാനത്തിന്റെ
പടവുകൾ താണ്ടുന്നൊരോണം..
സമത്വസങ്കല്പത്തിനിതളുകൾ 

മായുന്നൊരോണം...
യുഗമതിൽ നിന്നും നടന്നെങ്കിലും
ചിങ്ങമൊരു നേർത്ത സത്യം, പുലർവെളിച്ചം, ദീപശിഖയുമായ് ഭൂവിന്റെ
ഹൃദയത്തിലേറും സമത്വം,

സനാതനസത്യം..
 

No comments:

Post a Comment