Sunday, September 9, 2012

 മൊഴി

ഒരോ ദിനാന്ത്യവും
പകലിനായെഴുതുന്നതോരോ
നിറം ചേർത്ത കഥകൾ...
കഥയിൽ ഋണം തീർക്കുമൊരു
ഭൂതകാലം
മിഴിയിൽ തിളങ്ങുന്നതൊരു
താരകം
പക തീർത്തുനീങ്ങുന്നതൊരു
വിപ്ലവം
പുലരി നീട്ടുന്നതോ
പവിഴമല്ലി
മഴവീണുകുളിരുന്നതൊരു
പുൽക്കൊടി..

മൊഴിയിൽ മുറിപ്പാടുകൾ..
മഷിയിൽ നിഴൽപ്പാടുകൾ..
ചിരിതൂകിയാകെ തിമിർക്കുന്ന
സ്വാർഥം...
പുകമൂടിനിൽക്കുന്ന ദർപ്പണങ്ങൾ..

പകലുകൾ സാക്ഷ്യം
രചിക്കുന്ന സായാഹ്നമെഴുതുന്ന
തീരങ്ങളിൽ
ഒരുതിരയ്ക്കുള്ളിലെ
മൺചിറ്റുകൾ മാത്രം
അകലെ കടൽ,
ഒരുചക്രവാളത്തിനരികിലായ്
സർഗങ്ങളെഴുതും കടൽ,
പ്രളയങ്ങൾ കണ്ടുകണ്ടാലില
തുമ്പിലായ് കവിതയേറ്റും കടൽ;
മനസ്സിൻ കടൽ...

No comments:

Post a Comment