Thursday, September 6, 2012

 മൊഴി

വില്വപത്രങ്ങളിൽ, രുദ്രാക്ഷമന്ത്രത്തിലെന്നും
പ്രദോഷകാലങ്ങളിൽ, സന്ധ്യയിൽ
ശംഖുകൾക്കുള്ളിൽ, ത്രികാലം മറന്നാദി
മന്ത്രങ്ങൾ തേടുന്നൊരാകാശഭംഗിയിൽ
ആയിരം ദീപങ്ങളെ കാഴ്ച്ചയേറ്റുന്നൊരാ
താരകങ്ങൾ  പ്രകാശകാവ്യത്തിന്റെയോരോ
തുടുപ്പുകൾ, പൂവുകൾ,  കാണുന്നൊരീ പ്രപഞ്ചത്തിന്റെയോരോപകർപ്പുകൾ
ഒരോ ദിനത്തിന്റെ ചെപ്പിലും
പിന്നെയീയാരോഹണത്തിൻ സ്വരത്തിലും
സാഗരമോരോമണൽത്തരിക്കുള്ളിലും
നീട്ടുന്നൊരേകഭാവത്തിന്റെ നേരുകൾക്കുള്ളിലും
ലോകം തിരിക്കുന്ന ചില്ലുകൂടാരങ്ങളാകെ
തകർന്നുവീഴുന്നോരു രാജ്യങ്ങളായതിൽ
തേരുമായോടുന്ന സഖ്യങ്ങളേതോ
ഗ്രഹാന്തരയാത്രപോൽ ചുറ്റുന്ന കാലപ്പകർപ്പുകൾ,
കർമ്മകാണ്ഡത്തിന്റെയേതോ പരാധീനദൈന്യം
മഹായാഗവേദികൾക്കുള്ളിൽ മരിക്കുന്നസങ്കടം.
നീർമഴതുള്ളികൾക്കുള്ളിൽ തളിർക്കുന്ന
കാറ്റിന്റെ മർമ്മരം, കാവ്യം തുടുക്കുന്ന തീരം
വിശാലമാം കോട്ടകൾ താണ്ടിവന്നെത്തും
പുരാണങ്ങൾ..
ആറ്റുവക്കിൽ പണ്ടുപണ്ടേ നിഴൽക്കാടുപൂത്തു
നിറം മങ്ങിനിന്നു യുഗങ്ങളും
ഏറ്റിക്കുറച്ചുവച്ചോർമ്മകൾ മാഞ്ഞോരു
പാട്ടിലുമേറിയപസ്വരങ്ങൾ  മഴക്കാടുകൾക്കുള്ളിൽ മുളംതണ്ടുകൾ ചേർത്തു ഗ്രാമം 

ഋണപ്പാടുകൾ മായ്ച്ചു യാത്രയായ്...

No comments:

Post a Comment