Monday, September 17, 2012

 നക്ഷത്രങ്ങളുടെ കവിത

 അഗ്രഹാരങ്ങളിൽ
ഭാദ്രപാദം നടന്നെത്തുന്നു
വീണ്ടും പ്രഭാതങ്ങൾ പാടുന്നു
മുന്നിലെ ജാലകചില്ലും
തകർത്തേറിയുള്ളിലശാന്തി
തീർക്കും പഴേ ശീലുകൾ
എത്രമധുരത്തിലേറ്റിയാലും
കയ്പിലെത്തിനിൽക്കും
ചുമർചിത്രങ്ങളെത്രയാണർഥവും
തെറ്റി സ്വാർഥത്തിന്റെ
ചില്ലകളെത്ര വളർന്നേറിയെങ്കിലുമീ
കടലെത്ര മനോഹരം
ചക്രവാളത്തിലായെത്തിനിൽക്കും
സന്ധ്യയെത്ര മനോഹരം...


പുസ്ത്കത്താളിൽ നിന്നൂർന്നിറങ്ങും
കനൽച്ചിറ്റുകൾ വീണുകരിഞ്ഞ
വാക്കിൻ നേർത്ത ഗദ്ഗദം
പോലുമൊരോർമ്മ; സംവൽസര
ചെപ്പുകൾക്കുള്ളിൽ ജപം തീർക്കുമീ
സർഗസൃഷ്ടികൾ വിശ്വപ്രപഞ്ചകാവ്യങ്ങളും
കണ്ടുതീർന്നായിരം ദു:സ്വപ്നമെങ്കിലും
കൺകളിലിന്നുമാകാശനക്ഷത്രങ്ങളെണ്ണിയാൽ
തീരാത്ത ദീപങ്ങളെ ചേർത്ത്
വിണ്ണിലായ് ദീപാവലിക്കായൊരുങ്ങുന്ന
പുണ്യപഥങ്ങളിൽ നിന്നെന്റെ ഗ്രാമമേ
എന്നിലുണർത്തുക സർഗങ്ങളെ
ചന്ദനപ്പൂക്കൾ സുഗന്ധമേകുന്നൊരീ
സന്ധ്യയിൽ വീണ്ടും നടക്കാം മുനമ്പിന്റെ
മന്ത്രങ്ങൾ കേൾക്കാമൊരല്പനേരം
വ്യോമസങ്കല്പസീമയിൽ
നക്ഷത്രകാവ്യങ്ങളൊന്നായ്
വിരിഞ്ഞുവരുന്നതും കണ്ടുകണ്ടീന്നീ
ഗൃഹാതുരത്വം മാഞ്ഞ ഭൂവിന്റെ
സങ്കീർത്തനങ്ങളിൽ വീണ്ടും ലയിക്കാം...

No comments:

Post a Comment