Friday, September 28, 2012

  മൊഴി


വിരലിലുടക്കിയ ചില്ലക്ഷരങ്ങൾ
തീർത്ത മുറിവിനരികിലെ
ചിത്രങ്ങൾ കാണും നേരമരികിൽ
മഴവീണ്ടുമൊഴുകും നനവിലീ
നനുത്ത മണ്ണിൽ തളിർക്കുന്നൊരു
സർഗം; പിന്നെയിരുളിൽ  നിന്നും  

നടന്നീവഴിവിളക്കിന്റെ 
വെളിച്ചം  പോലും 
കാവ്യതുടുപ്പിൽ തിളങ്ങുന്നു..

മനസ്സിൻ ശിലാഫലകങ്ങളിൽ
നിന്നും മാഞ്ഞ ചരിത്രം
മറന്നിട്ടതൊരു പാഴ്നിഴലതിൻ
ശിഖരങ്ങളിൽ നിന്നുമൊളിപാർക്കുമാ

ലോകമൊരു ദൈന്യത്തിൻ
പാഠപുസ്ത്കം തന്നു
ഗ്രഹമിഴിയിൽ തുന്നിക്കെട്ടിയുടച്ച
സ്വരങ്ങളിലൊഴുകുന്നൊരു
മഴക്കാലത്തിൻ മഹാതീർഥം

ജനൽപ്പാളികൾ മൂകസാക്ഷികൾ
തത്വം ചൊല്ലുമൊരു കാലത്തിൻ
പലേ മുഖത്തിൻ ദൃക്സാക്ഷികൾ..



എഴുതിതീർക്കാനാവാതീമഴക്കാലം
വീണ്ടുമൊഴുകുന്നെന്നിൽ
കടലൊരുക്കുന്നൊരു തോണി...
മറന്ന പുസ്തകങ്ങൾ കാറ്റിലായൊഴുകുന്നു
ചിതയിൽ കത്തിതീർ
ന്ന യുഗങ്ങൾ
മറയുന്നു..
തിരശ്ശീലയിലാട്ടമെത്ര

പൊയ്മുഖങ്ങളാണരങ്ങിൽ
മരവിച്ചു നിൽക്കുന്നു ഹൃദ്സ്പന്ദങ്ങൾ..


അരികിൽ മൊഴിതേടിയെത്തിയ
നക്ഷത്രങ്ങളുറങ്ങീ മഴയ്ക്കുള്ളിൽ
രുദ്രാക്ഷമന്ത്രം ചൊല്ലിയരികിൽനിന്നൂ
വാനപ്രസ്ഥഭാവങ്ങൾ പിന്നെ

മറക്കാനിനിയെന്തു ബാക്കിയാ ചുമർ
ചിത്രമതിന്റെയുള്ളിൽ പോലും
നിറയുന്നുവോ സ്വാർഥം??


മിഴിയിൽ നിറയുന്ന കടലേ
നിനക്കായിയെഴുതാം ഞാനും
മഴതുള്ളിയിൽ വീണ്ടും
സന്ധ്യയതിലെ പ്രദോഷത്തിൻ
രുദ്രമന്ത്രത്തിൽ, പൂർണ്ണസ്വരങ്ങൾക്കുള്ളിൽ
ശരത്ക്കാലവർണ്ണങ്ങൾ തൂവിയെഴുതാം
ഞാനെൻ പ്രിയതരമാം കാവ്യങ്ങളെ...

No comments:

Post a Comment