Tuesday, September 4, 2012

ഗായത്രിയെഴുതുന്നു

മീര,
എഴുതേണ്ടിവന്നു പലതും...
എഴുതിയുടഞ്ഞുതീർന്ന ദിനാന്ത്യങ്ങളിൽ, ചായം തൂവിയ പാത്രങ്ങളിൽ,
കണ്ടുകണ്ടു മുഷിവുളവായ കൃത്രിമപ്രദർശനങ്ങളിൽ,
അനീതിപത്രികയൊരുക്കിയവരുടെ മുദ്രകളിൽ,
അരോചകമായ ഒരു ഗർവം കണ്ടപ്പോൾ
എഴുതേണ്ടിവന്നു പലതും...

നമ്മുളുടെ വാതിൽപ്പടിയുടെ പിന്നിലെത്രനാളിവർ നമ്മളറിയാതെയൊളിപാർത്തു,
ആകാശവാതിലിലെ ദൈവം കണ്ടിരിക്കുന്നു അവരെയെല്ലാം..
നമ്മളുടെ വാക്കുകൾ കീറിമുറിച്ചളന്നുതൂക്കിയെത്രനാളാഘോഷിച്ചു ഇവർ.
അതിനെയൊന്നു ചോദ്യം ചെയ്തപ്പോഴേക്കും എന്തൊക്കെ പ്രകടനങ്ങളാണു കാണേണ്ടിവന്നത്..
നേരിന്റെ സുഗന്ധമില്ലാത്ത പണതുട്ടുകൾ കൈയിലേറ്റിയാഘോഷിച്ചവരുടെ പ്രകടനം..
പണത്തിനായെന്തും ചെയ്യും ചായക്കൂട്ടിൻ പ്രദർശനം...
സ്തുതിപാഠകരുടെ ചിരിയുളവാക്കും പ്രദർശനം
അങ്ങനെയങ്ങനെയെത്രദിനങ്ങൾ...

എനിയ്ക്കോർമ്മയുണ്ട്..വർഷങ്ങളോളം ചെയ്ത ഉപദ്രവങ്ങൾക്കന്ത്യമെന്നപോൽ മൃദംഗതാളലയവുമായ്
ഒരു ജനുവരി മുതൽ നാലുമാസങ്ങളിലിവർ പണിതീർത്ത അരക്കില്ലങ്ങൾ..
മഷിതുള്ളികളിലൂടെയൊഴുക്കിയ കയ്പ്..  പിന്നീടുള്ള അഭിനയങ്ങൾ..
പ്രതികരിക്കാനല്പം കടുത്ത വാക്കു തേടിയപ്പോൾ അതിനെതിരേ പ്രതികാരപ്രകടനം..
ഇപ്പോൾ പറഞ്ഞുഫലിപ്പിക്കാൻ ശ്രമിക്കുന്നു.. അതും പ്രദർശനങ്ങളിലൂടെ...
പുതിയ ലോകം എത്ര മനോഹരം..
പഴയ ലോകമേ നീ ദു:ഖിക്കുക, നീ കണ്ടസൂയപ്പെടുക എന്നൊരു ധ്വനി അതിലുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്..

ആകാശവാതിലിലെ ദൈവമേ ഒരീറൻസന്ധ്യയിൽ അറിയാതെയുറങ്ങിപ്പോയ മനസ്സിൽ കണ്ട കാവ്യസ്വപ്നമൊരു ദു:സ്വപ്നത്തിൽ മായ്ക്കാതിരിക്കുക.. ദിനാന്ത്യത്തിൻ ചെപ്പിൽ നിറച്ചാലും നക്ഷത്രങ്ങളെപ്പോലെ പ്രകാശമുള്ള കാവ്യങ്ങൾ....

No comments:

Post a Comment