Monday, September 3, 2012

 മൊഴി


ഗ്രാമം മനസ്സിലെഴുതിയ
ചന്ദനസുഗന്ധമാർന്ന
തുളസിപ്പൂക്കവിതകളിലൂടെ,
അറിഞ്ഞുമറിയാതെയും
പുഴതീർത്തകയങ്ങളിൽ വീണുടഞ്ഞ
കാവ്യസ്വരങ്ങളിലൂടെ,
സത്യത്തിൻ മുഖത്തോലവിരികെട്ടി
മറച്ച നിമിഷങ്ങളിൽ
ദർപ്പണങ്ങളിൽ കാണാനായ
കൈതപ്പൂവിതളുകളിലൂടെ,
സ്നേഹമഭിനയിച്ച
ശിരോപടങ്ങളിലൂടെ,
കവിതയുടെ ഭൂപടങ്ങളിൽ
കറുപ്പുതൂവിയ കൃഷ്ണപക്ഷങ്ങളിലൂടെ,
അഗ്നിതൂവിയ വാക്കുകളിലൂടെ,
തീരങ്ങളേറിയൊഴുകിയ
കടലിനിരമ്പത്തിലൂടെ,
ശരകൂടങ്ങളിലൂടെ,
പണതുട്ടുകൾക്കരികിൽ
ശിരസ്സുതാഴ്ത്തിനീങ്ങിയ
അസത്യങ്ങളിലൂടെ,
ദിനാന്ത്യങ്ങളുടെയാസ്ഥിപത്രത്തിൽ
എഴുതിക്കുറിച്ചിട്ട പദങ്ങളിലൂടെ
നടന്നുനീങ്ങിയ സംവൽസരങ്ങളേ
മിഴിയിൽ നിറഞ്ഞ അരങ്ങിലെ
കാഴ്ച്ചപ്പാടിൽ
കണ്ടുതീർന്ന നാട്യത്തിൻ നിസ്സംഗത
പഴകിതീർന്ന പകയുടെ നേർത്ത പുക..
ഒരീറൻ സന്ധ്യയുടെ കർപ്പൂരഗന്ധം..
ഹൃദയത്തിൻ നിലയ്ക്കാത്ത സ്പന്ദനലയം
നക്ഷത്രങ്ങളിൽ തിളങ്ങും
പ്രകാശം....

No comments:

Post a Comment