നക്ഷത്രങ്ങളുടെ കവിത...
വർഷം കഴിഞ്ഞു
നിഴൽപ്പാടുമായ്
ഗ്രീഷ്മഭിത്തികൾക്കുള്ളിൽ
കുനിഞ്ഞിരുന്നു യുഗം
ചിത്രങ്ങൾ തൂക്കിപ്പെരുക്കിയാ
ഹസ്തിനമെത്രചുരുങ്ങി
ചതിചെപ്പുകൾക്കുള്ളിലെത്ര
ദിനങ്ങൾ മരിച്ചു
സ്നേഹത്തിന്റെ ചിത്രങ്ങളെല്ലാം
നിഴൽപ്പുറ്റുകൾ തിന്നു
കത്തിയും കെട്ടും പുകച്ചും
പലേനാളിലഗ്നിയും വിങ്ങി
മുനമ്പിലെ ധ്യാനങ്ങളൊക്കെയും
മാഞ്ഞുതീർന്നീചക്രവാളത്തിനർഥവും
തീർന്നു, നടന്നുനീങ്ങും വഴിയ്ക്കെത്ര
നാനാർഥങ്ങൾ, ചുറ്റിനീങ്ങും
വലയ്ക്കെത്രയോ ശാഖകൾ,
ശൃംഗങ്ങളിൽ ശിരസ്സെത്ര താഴ്ത്തുന്നീ
യുഗത്തിന്റെ സൃഷ്ടികൾ
കത്തുന്നുവോ യാഗപർവങ്ങളീ
ഭൂവിലെത്തിനിൽക്കും
തമോഗർത്തങ്ങൾ
കാണാത്ത ദിക്കുകൾ തേടി
നടന്നുനടന്നു ഞാനെത്തി
മൊഴിക്കുള്ളിലെന്നെയും
കാത്തിരുന്നെത്രനാളാവിണ്ണിലേറിയ
താരകം;
കത്തുന്നുമില്ല കെടുന്നുമില്ല
സർഗ സൃഷ്ടികൾക്കെന്നുമൊരേ
പ്രകാശം, മിഴിചെപ്പിൽ തുടുക്കുന്ന
നക്ഷത്രകാവ്യങ്ങളെത്രനാളെത്രനാൾ
കണ്ടു മഹാസത്യമെത്തിനിൽക്കുന്ന
പ്രപഞ്ചത്തിനത്ഭുതം
No comments:
Post a Comment