Monday, September 3, 2012

മീരയെഴുതുന്നു

പ്രിയപ്പെട്ട ഗായത്രി,
അവരെഴുതട്ടെ.. എഴുതി നിറയ്ക്കട്ടെ.. അസ്വസ്ഥഗാനങ്ങൾ, ആത്മാവിലൊരു മന്ത്രം പോലെ, പണ്ടുപണ്ടെഴുതിയ പ്രണയഗാനങ്ങൾ.. മധുരതരമാം ചിത്രങ്ങൾ..
എത്രയോ ദിനങ്ങളിൽ, എത്രയോ ഋതുക്കളിൽ, എഴുതിതീർന്ന വിലാപകാവ്യങ്ങൾ, എഴുതിതീർക്കേണ്ട കടലാസുതാളുകൾ.. നീണ്ടുനീണ്ടുപോയേക്കാം എഴുത്തുമഷിപ്പാടുകൾ..
പറയുന്നതൊന്ന്, മനസ്സിലാക്കുന്നത് വേറൊന്ന്.. കവിതയിൽ മുങ്ങിയ മുഖം തേടിയൊടുവിൽ ശിരോപടങ്ങളിലൂടെയൊഴുകിയെത്തിയ അസ്വസ്ഥതകൾ,
വിശ്വാസ്യതയിലെയവിശ്വാസത..മുന്നിലൊഴുകിയത് സത്യമോ, മിഥ്യയോ എന്നറിയാനിനിയെന്തിനൊരു ഗവേഷണം.. 

അവരെഴുതട്ടെ...
അന്തരാത്മാവിന്റെയവലോകനങ്ങൾ, ഋണബാദ്ധ്യതയുടെ ബാക്കിപത്രം..സഹിക്കാവുന്നതിലേറെയും സഹിക്കാനായതിനാൽ ഇനിയെന്ത് എന്നെന്തിനാലോചിക്കണം..
ഒരോയിതളുമടർത്തിയടർത്തിയൊടുവിൽ പരീക്ഷണശാലയിൽ ബാക്കിയായ ഹൃദ്സ്പന്ദനങ്ങളിലിന്നും കവിതയുടെ ശ്രുതി കേൾക്കാനാവുന്നു.. പറഞ്ഞുതീർന്ന കഥകൾക്കിനിയും അർഥവിന്യാസമുണ്ടായേക്കും.  അടുക്കിയൊതുക്കാനാവാതെ ചിതറിയ അക്ഷരങ്ങളെ നമുക്കിനിയും മെല്ലെയെടുക്കാം.. 
തീർപ്പുകൾക്കതീതം അക്ഷരങ്ങളുടെ മന്ത്രം..
അതിലോരോന്നും തുളസിമുത്തുകളിൽ ചേർത്തു നമുക്കുമെഴുതാം.. നൂറ്റാണ്ടുകളുടെ ചരിത്രം നീങ്ങിയ വഴിയിൽ, ശിലാഫലകങ്ങളിൽ പ്രതിഫലിക്കട്ടെ അക്ഷരങ്ങളുടെ അദ്വൈതം..

ഗായത്രി,
അവരെഴുതിയിടട്ടെ സംഘർഷലിപികൾ, തത്വങ്ങൾ, നിറപ്പകർച്ചകൾ, ആരോഹരാണവരോഹണങ്ങളിലൊഴുകും ഭൂതഭവിഷ്വവർത്തമാനങ്ങൾ..
കണ്ടുതീർന്ന ഋതുക്കളിലിനിയാവരണങ്ങളുണ്ടാവില്ല.. അതിനുമപ്പുറമാവും അർദ്ധസത്യങ്ങളുടെ നിഗൂഢമാം ഗുഹകൾ.. ആരും കാണാത്ത മനോചിന്തകൾ
വ്യതിചലനത്തിൻ വലയങ്ങൾ, സമാന്തരങ്ങളിലൊഴുകം ഭാഷാലിപികൾ. അർഥശൂന്യമായ് തീർന്ന മൗനം, അധികമെഴുതേണ്ടിവന്ന് വാക്ക്..

ഗായത്രി
അവരെഴുതട്ടെ.. ചുറ്റികതട്ടിയുടഞ്ഞ ചുമരുകളിൽ, ഗ്രഹമിഴിചേർത്തുവച്ച ഹൃദയത്തിന്റെ മുറിവുകളിൽ, അവരെഴുതട്ടെ... അവരുടെയവസാനമില്ലാത്ത യുദ്ധകാണ്ഡകഥകൾ..

ചട്ടക്കൂട്ടിൽ വിലങ്ങിടേണ്ടിവന്ന ഹൃദ്സ്പന്ദനങ്ങളേ..
അഴിമുഖങ്ങളിൽ, അന്തരഗാന്ധാരമുണരും ഉൾക്കടലിൽ, മുനമ്പിൽ, ആകാശത്തിന്റെയനന്തകല്പങ്ങളിൽ
എഴുതിതീർക്കാനിനിയേത് ഋതു??
ഇനിയേതു വർഷം??
ഇനിയേതു ശരത്ക്കാലം??
ഇനിയേതു സമുദ്രം??
ഇനിയേതു ഭൂമി??
സാക്ഷിനിൽക്കും നക്ഷത്രങ്ങളേ
എഴുതിയാലും
ഒരു സർഗം..
നക്ഷത്രങ്ങളുടെ സർഗം....


No comments:

Post a Comment