Thursday, September 20, 2012

 മൊഴി

ഒരോദിനത്തിനിതൾ പോലെ
വിണ്ണിന്റെയാരോഹണം;
ഘനരാഗത്തിലേറുന്നൊരാർദ്ര
സ്വരം, പിന്നെയീണങ്ങൾതെറ്റി
തിരയ്ക്കുള്ളിലാടുന്നതോർമ്മകൾ
തെറ്റുന്ന പായ് വഞ്ചികൾ...

മേൽക്കൂരയെല്ലാമുടഞ്ഞ ദേവാലയം,
കാറ്റുലച്ചീടുന്ന കാർമേഘയുക്തികൾ
നേർവഴിതെറ്റിക്കുതിയ്ക്കും
ദുരാഗ്രഹം,
കാണാതെകാണാതെ കണ്ടുമടുത്തോരു
കാവലാൾക്കൂട്ടം മറന്നിട്ട
താഴുകൾ...

ജാലകചില്ലിന്റെയോരോ
മുറിപ്പാടിലേറിതിമിർക്കുന്ന
കള്ളിമുൾവാകകൾ
പോയകാലത്തിൻ ഋണം
പോലെയേറുന്ന രാവുകൾ;

സ്വാർഥം നടക്കുന്ന ദിക്കുകൾ..

കണ്ടുതീർന്നു ശിരോദൈന്യങ്ങളെ
കണ്ടുതീർന്നു നിഴൽക്കൂട്ടങ്ങളെ
വേരുകൾ പോലും കരിഞ്ഞുതീർന്നാൽ
മരച്ചോടുകൾ ശൂന്യം,പുരാണങ്ങൾ നിശ്ചലം
കാണാതെതീർന്നതിനന്ത്യഭാവം...
കാണാതെതീർന്നതിനാരൂഢഭാവം...
കണ്ടുതീരാത്തതിൻ ബാക്കിപത്രം
ഗ്രഹസന്ധ്യകൾ കണ്ടതിൻ
വർത്തമാനം..






No comments:

Post a Comment