Monday, September 24, 2012

  അക്ഷരങ്ങൾ
 
അക്ഷരങ്ങൾ നിത്യ
സത്യങ്ങളാദ്യമായ്
ഹൃദ്സ്പന്ദനങ്ങളിൽ
ശബ്ദം രചിച്ചവർ
നിശ്ചലമാകുവാനാവാതെയീ
ഭൂവി
ത്ഭതങ്ങൾക്കുള്ളിലെന്നും
വിടർന്നവർ..
കത്തുന്ന തീയിലേയ്ക്കിട്ടു
പിന്നെ താഴിലെത്രയോ
പൂട്ടിക്കുരുക്കിയെന്നാകിലും
കെട്ടുകൾ മെല്ലെയഴിച്ചഴിച്ചഴിച്ചുൾക്കടൽ
ചെപ്പുകൾക്കുള്ളിൽ
സ്വരങ്ങളെ തീർത്തവർ..

കാരാഗൃഹങ്ങളിരുമ്പിനാൽ
തീർത്തഴിക്കൂടുകൾക്കുള്ളിൽ
വിലങ്ങിട്ടുകെട്ടിയോരോർമ്മകൾ
മായ്ച്ചു ശരത്ക്കാലസ്വപ്നമായ്,
കാവ്യസർഗത്തിന്റെ
ചന്ദനപ്പൂക്കളായ് 

വീണ്ടും പ്രഭാതങ്ങളെ
സ്വപ്നമാക്കിയോരക്ഷരങ്ങൾ
നിത്യസത്യമനാദ്യന്തചിത്രങ്ങളായ്
വിരൽതുമ്പിലുണർന്നവർ...

എത്രയോ സംവൽസരങ്ങളിൽ
തുന്നിയോരച്ചുകൂടങ്ങളിൽ നിന്നും
പുനർജനിച്ചക്ഷയപാത്രത്തിനുള്ളിൽ
നിന്നും ശാകപത്രം രചിക്കുന്ന
സർഗമായ്; സന്ധ്യയിൽ
നക്ഷത്രദീപങ്ങളിൽ നിന്നു
കാവ്യമായ്
മൃത്യുഞ്ജയത്തിലെ
ഹോമാഗ്നിയും നുകർന്നെത്തുന്നു
വീണ്ടുമീയക്ഷരങ്ങൾ..


No comments:

Post a Comment