Sunday, April 3, 2011

കാണാക്കാഴ്ച്ചയുടെയവസാനയദ്ധ്യായം
കാണാത്തതെന്തിനെയോ
തേടി നടന്നുനീങ്ങിയ
ഋതുക്കളുടെ ചിത്രതേരിലിരുന്നു കണ്ടു
ലോകത്തിന്റെ തുലനവിന്യാസം
അതിനരികിൽ മുഖചിത്രങ്ങളും
മുഖപടങ്ങളും
മിഴിയെയത്ഭുതപ്പെടുത്തും
സൂചിസ്തംഭങ്ങളുമുണ്ടായിരുന്നു
ശരത്ക്കാലസന്ധ്യയിൽ
ഭൂവർണങ്ങൾ തേടിനടന്ന
കടലോരങ്ങളിൽ
അസ്തമയത്തോടൊപ്പം
കത്തിവീണ
അനേകം സൂര്യകിരണങ്ങളിൽ
കാലം മഷിമുക്കിയെഴുതിയ
കടലാസുതാളുകളുമുണ്ടായിരുന്നു
മഞ്ഞുറയും ഭൂഖണ്ഡങ്ങൾക്കരികിൽ  
നിശബ്ദതയുടെ നെടുവീർപ്പുകളെ കടന്ന്
വീണ്ടും മൗനം മുഖപടമണിഞ്ഞെത്തിയ
അരങ്ങിനൊരരികിൽ നിമിഷങ്ങൾ
കാവലിരിക്കുന്നുണ്ടായിരുന്നു
സ്തൂപങ്ങൾക്കിടയിലൂടെ കാണാനായ
ആകാശനക്ഷത്രങ്ങളെ പൂർണമായ് മായ്ക്കാൻ
മേഘങ്ങൾക്കാവാഞ്ഞതിനാൽ
സന്ധ്യാവിളക്കിലേയ്ക്കിത്തിരി
പ്രകാശം വന്നുവീണു
ഉലച്ചുടച്ചുലയിലെയുമിത്തീയിലിട്ട സത്യം
ഭൂമിയുടെ പ്രദിക്ഷണവഴിയിൽ
നക്ഷത്രവിളക്കുകളെ തെളിയിച്ച്
ചൈത്രരഥമേറി വീണ്ടുമുണർന്നുവന്നപ്പോൾ
കാണാക്കാഴ്ച്ചയുടെയവസാനയദ്ധ്യായമെഴുതി
ഋതുക്കൾ പുസ്തകമടച്ചുവച്ചു.....

No comments:

Post a Comment