Monday, April 4, 2011

ഴതുള്ളിക്കവിതകൾ

ഇരുണ്ടുലഞ്ഞൊരു മഴക്കാടുകളിൽ
മഴയെതേടി നടന്നിരുന്നു ബാല്യം
തുള്ളിതുള്ളിയായൊഴുകിയ മഴയെ
കൈയിലാക്കി ചന്നം പിന്നം പെയ്യും
മഴയുടെ പടിവാതിലിലേറി
പിന്നെയും തോരാത്ത
മഴയ്ക്കരികിലൊരു മഴവിൽപ്പൂകവിത
വിരിയാനെത്രനാൾ  കാത്തിരുന്നു
ആകാശത്തിന്റെ നേരിയ
ജാലകവിരിയ്ക്കുള്ളിൽ
മൂടിയ മേഘക്കെട്ടിനുള്ളിൽ
മങ്ങിയ വിളക്കുമായ്
നക്ഷത്രങ്ങളുറങ്ങിയ
വർഷകാലവും കടന്ന്
ശരത്ക്കാലമൊരുണർവുമായെത്തിയ നാൾ
പാതയോരത്തെവിടെയോ
പകൽക്കിനാവുകൾ
നിഴൽപ്പാടിലുലഞ്ഞുവീഴുന്നതുകണ്ടു
പിന്നെയെന്നോ വഴിയോരത്തെ
വാകമരങ്ങളിൽ തണുത്തുറഞ്ഞ
ശിശിരം കൂടുകെട്ടിപ്പാർത്തു
ഇലപൊഴിയും കാലവും കടന്ന്
അതിനരികിലെഴുതിതീർക്കാനാവാഞ്ഞ
ഉപാഖ്യാനങ്ങളെയൊരൂഷരകാലം
തീയിട്ടു കരിയിച്ചു
അന്നുവീണ്ടുമുറക്കമുണർന്നെഴുനേറ്റു
മനസ്സിലെ മഴക്കാടുകളിൽ
പെയ്ത മഴതുള്ളിക്കവിതകൾ.....

No comments:

Post a Comment