Sunday, April 17, 2011

പഴയ താളിയോലകൾകളിൽ

ഒരിയ്ക്കലാരോ മതിലുകളിലെഴുതിയിട്ടു
അനിവാര്യതയുടെയാദ്യക്ഷരമാകാം പ്രഭാതം...
മഞ്ഞുതുള്ളികളിറ്റുവീഴുമൊരുണർവിൽ
പുറം ലോകത്തിന്റെയൊഴുക്കിനരികിലും
ഒന്നുമറിയാത്തപോലുണരുന്നു
പുലരിയുടെ ചുറ്റുവിളക്കുകൾ...
കാലമുലച്ച സമുദ്രതീരങ്ങളിലെ
പ്രഭാതത്തിനുമതേ കുളിർമ
എഴുതിയുലയ്ക്കാനാവാത്തതെന്തോ
ഭൂമി കൈനീട്ടമായ് തന്നിരിക്കുന്നു
ഓട്ടുരുളിയിൽ കണികണ്ടുണർന്ന
ഒരു ഋതുമാത്രമത്രേ ജീവിതം..
മാറ്റങ്ങളുടെ പട്ടുപുടവയിൽ
നിമിഷങ്ങൾ മയങ്ങിവീഴുമ്പോഴും
പുലർകാലപ്രകാശമതേ പോലെതന്നെ
കൈയിലെ മൺവിളക്കിൽ
തെളിയും പ്രകാശവുമതേപോലെ തന്നെ
ഇനിയും വരും ഋതുക്കളുമതേ പോലെ
തന്നെയാവാം...
അറപ്പുരകളിൽ ചായം പൂശാതെ
കൽപ്പെട്ടികളിൽ ഭദ്രമായ് സൂക്ഷിക്കും
പഴയ താളിയോലകൾകളിൽ
പാരിജാതപ്പൂവുകളുടെ സുഗന്ധമൊഴുകുമ്പോൾ
ഒരു ശംഖിനുള്ളിൽ കേൾക്കാനാവുന്നു
ക്ഷീരസാഗരശ്രുതി.....

No comments:

Post a Comment