Sunday, April 3, 2011

ഒരിയ്ക്കലൊരിടവഴിയിൽ

ഒരിയ്ക്കലൊരിടവഴിയിൽ
മഴക്കാലത്തുണർന്ന
നീരുറവയിലൂടെയുണങ്ങിയ
കരിയിലകളും, മൺതരികളും
നെൽപ്പാടത്തിനരികിലൂടെ
എവിടേയ്ക്കോ ഒഴുകിപ്പോയി
തൂത്തുവെടിപ്പാക്കിയ
പടിപ്പുരയ്ക്കരികിലൂടെ
പന്തിരുകുലമോടി
അതിൽ മലയിൽനിന്ന്
കല്ലെറിയുമൊരു ഭ്രാന്തനെയും കണ്ടു
വിപരീതങ്ങളുടെ വിലങ്ങിൽ
വീണ വൈദ്യുതസ്ഫുലിംഗങ്ങളിൽ
കത്തിക്കരിഞ്ഞു ചാരമായ
ഒരു യുഗത്തിനരികിൽ
അനന്തകാലത്തിന്റെ
ആത്മഗതവുമായ്
ടോക്കിയോനഗരം
ശോകമടക്കി നിന്നു..
ഒരതിരിലിരുന്നാരോ
പാലങ്ങളിൽ ഗന്ധകപ്പുകയേറ്റി
വിസ്ഫോടനങ്ങളിൽ
വീണുപോയ മണ്ണിന്റെ
മറുവശത്തൊരു കടൽ
ചക്രവാളത്തിലേയ്ക്കൊഴുകി...

No comments:

Post a Comment