Saturday, April 9, 2011

മുനമ്പ്

എഴുതിനിറയ്ക്കാനൊരീറൻ
സന്ധ്യയുടെ മണൽത്തീരമരികിൽ
ബാക്കിയുള്ളതെല്ലാം വിഭജിച്ച്
ഭാണ്ഡങ്ങളിലാക്കി കാലം...
ഹൃദ്സ്പന്ദനങ്ങളിലൊരു
കടലിനാന്ദോളനതാളമുയരുമ്പോൾ
കുടീരങ്ങളിൽ തിരശ്ശീലയാൽ
മറഞ്ഞ പലേ മുഖങ്ങളും
കാഴ്ച്ചപ്പാടിലേയ്ക്കത്തുന്നു
പിച്ചകപ്പൂക്കൂടയുമായ് വന്ന
മഞ്ഞുകാലത്തിനെ മായ്ച്ച്
നടന്നുനീങ്ങിയ ഗ്രീഷ്മം
തടുത്തുകൂട്ടിയിട്ടു കരിയിലകൾ
എഴുത്തക്ഷരങ്ങളെയുമതിലിട്ട്
തീയിടാനരുളപ്പാടുകളുയർന്നു
അരുളപ്പാടുകൾക്കിടയിലൂടെ
അക്ഷരങ്ങളുമായൊരു
മുനമ്പിലേയ്ക്ക് നടന്നു ഭൂമി
അവിടെ ഒരു കടലുമുൾക്കടലും
പിന്നെയൊരു മഹാസമുദ്രവും
ഭൂമിയെ കാത്തിരുന്നു....

No comments:

Post a Comment