Saturday, April 16, 2011

പകൽമായും നേരം

മഞ്ഞുകാലനെരിപ്പോടുകളിലെ
തീയണച്ചൊരു കടൽത്തീരത്തിരിക്കുമ്പോൾ
കാലമെവിടെയോ കുടഞ്ഞിട്ട
സൂര്യഛായയിൽ കത്തിയെരിഞ്ഞ
കടലാസുതുണ്ടുകളൊരു
വിഭൂതിപ്പാത്രത്തിലേയ്ക്കൊഴുകുന്നതുകണ്ടു..
ഒരു കടൽചിപ്പിയ്ക്കുള്ളിലെത്ര
നാൾ സൂക്ഷിക്കാനാവുമോർമ്മകളെ
തിരയേറി തീരമേറിയൊരുനാളുടയും നേരം
ഓർമ്മകളുമൊഴുകിപ്പോയേക്കാം
കരിഞ്ഞേക്കാം ഹരിതവനങ്ങളൊരു
വേനൽത്തീയിൽ...
മഴയിലുമൊഴുകിമാഞ്ഞേക്കാം
മുദ്രാങ്കിതങ്ങൾ..
സ്മാരകശിലകളിൽ
സുവർണധൂളിതൂവിയെഴുതാനിനിയും
വന്നേയ്ക്കാമൊരു ശരത്ക്കാലം
കടം വാങ്ങിയതെല്ലാം തിരികെയേകിപ്പോയ
ഒരു ഋതുവിനെപ്പോലെ പകൽമായും നേരം
പാതിയുറങ്ങിയ പൂവുകൾക്കരികിൽ
പലേ മാറ്റങ്ങൾക്കിടയിലും
അശോകപ്പൂവിൻ നിറമുള്ള 
സന്ധ്യയുണർന്നരികിലേയ്ക്ക് വന്നു
കൈയിലൊരു ചെറിയനക്ഷത്രവിളക്കുമായ്....

No comments:

Post a Comment