Wednesday, April 13, 2011

കരിയാനൊരിലപോലും ബാക്കിയില്ലല്ലോ
മുന്നിൽ കണ്ട പ്രതിബിംബങ്ങളിലുടഞ്ഞതേത്
മുറിവു പറ്റിയതേത്, മൺതരിയായതേത്
അറിയാനാവുന്നില്ലല്ലോ..
മഞ്ചം ചുമക്കുവാൻ, പല്ലക്ക് ചുമക്കുവാൻ
പിന്നെയാർക്കും വേണ്ടാത്ത
ദൈന്യതയുടെ
ഭാരം ചുമക്കുവാനാളേ തേടി
മിഴിയിലുണരും നക്ഷത്രവിളക്കുകൾക്കരിലൂടെ
വളരെ ചെറുതായൊരു ലോകം
തിരക്കിട്ടോടിപ്പോവുന്നു
പൂന്തോപ്പുകളിൽ
ശിശിരം മറന്നുവച്ചൊരുഷസന്ധ്യപോലെ
മഞ്ഞുകണങ്ങൾ പോലെ
മനോഹരമായതൊന്നും
കാണാനുൾക്കാഴച്ചയില്ലാതെ
പലേടങ്ങളിലുമിടിഞ്ഞുതകരും
മൺതരികളെ തോളിലേറ്റിയിരിക്കും
ലോകമേ
പറഞ്ഞാലും
പരിചാരകരേന്തും പല്ലക്കിലിരുന്ന്
യാത്രയായപ്പോഴായിരുന്നുവോ
സമുദ്രങ്ങൾ തീരമേറിയതും
ഭൂമിയുലഞ്ഞുടഞ്ഞതും..
ശംഖിനരികിലൊരു മഹാദ്വീപം
തടുത്തുകൂട്ടി വയ്ക്കും
പല്ലക്കിലേറ്റാനാവാത്ത
മഹാസങ്കടങ്ങൾക്കരികിൽ
അഗ്നിതൂവിയെരിയുമൂഷരകാലമേ
കരിയാനൊരിലപോലും
വാകപ്പൂമരത്തിലിനി ബാക്കിയില്ലല്ലോ

1 comment:

  1. ഒരു നല്ല വായനാനുഭവമേകുന്ന മികച്ച കവിത

    ReplyDelete