Thursday, April 7, 2011

നിറഞ്ഞൊഴുകും കടൽ

ശംഖിനുള്ളിലൊഴുകിയ
കടലുണർത്തിയതൊരു
ഘനരാഗം
ഒതുക്കിയിട്ടുമൊതുക്കിയിട്ടും
അതൊഴുകുന്നു
ചക്രവാളത്തോളമെത്തിയ
സന്ധ്യപോലെ
പിന്നെ തൊടുകുറിയിട്ടു
ശീവേലിപ്പുരയിലിരുന്ന്
കേട്ടു പാണി
തൂവിയ ബലിക്കല്ലുകളിൽ
ജീവനുണർന്നുവോ
പുല്ലുമെടഞ്ഞ പായയിലിരുന്നല്പം
പഴംപുരാണമെഴുതും
നാരായങ്ങളിൽ നിന്നുർന്നിറങ്ങിയ
വാക്യർഥങ്ങളിൽ
വീണുടഞ്ഞൊതൊരുപിടിയോർമ്മ
പിന്നെയുമതിനെയുറക്കാനൊരു
താരാട്ടുമായ് തിരക്കിട്ട് തിടമ്പേറിവരും
വിവർത്തനാക്ഷരമേളം....
നിറഞ്ഞൊഴുകും കടലേ
കാർമേഘങ്ങളുലഞ്ഞ്
മഴപെയ്യുമ്പോൾ
മനസ്സിലെ ശംഖിലേയ്ക്കായ്
കേൾക്കാനിമ്പമുള്ളൊരു
ഘനരാഗം കൂടി തരിക....

No comments:

Post a Comment