Monday, April 4, 2011

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിൽ

ഋതുക്കളുടെ പൂമരക്കൊമ്പിലെയൂഞ്ഞാൽ
പടിയിൽ നിന്നിറങ്ങി നടന്ന വഴിയിലെന്തേ
കൽച്ചീളുകളെന്നാലോചിച്ചിരുന്നു
പിന്നെയറിയാനായി
പൂക്കാലങ്ങളെ പടകൂട്ടിയോടിക്കുന്നവരും
പകലിനു ചരമഗീതമെഴുതി
ചിതയിലേറ്റുന്നവരും
പ്രദക്ഷിണവഴിയിലെത്തി
ഭൂമിയോടു രംഗമൊഴിഞ്ഞുപോവൂ
എന്നുപറയുന്നവരുമെല്ലാം
ചേർന്നതാണീലോകമെന്ന്
മരണത്തിന്റെ ഗന്ധമുറങ്ങിയ
ഒരു മഞ്ഞുകാലത്തിൽ കേട്ടു
അറിയാതിരുന്ന കഥകൾ
കഥകൾക്കനുബന്ധമെഴുതി
നിമിഷസൂചികളിലൂടെ
കാലം നടന്നു....
പിന്നീടൊരു വേനൽതീരത്തിൽ
മരുന്നുരച്ച കല്ലിൻ തരിയിലെരിഞ്ഞ്
മുഖം നഷ്ടമായ മൗനം
വീണ്ടും പടയേറ്റിയോടിയ
കടൽത്തീരത്തിലുടയാത്തൊരു
ശംഖിൽ നിന്നണർന്നുവന്നു ഭൂമി
ആരവങ്ങളിൽ നിന്നകന്ന്
ഋതുക്കളുടെ പൂമരക്കൊമ്പിൽ
വീണ്ടുമൊരൂഞ്ഞാൽകെട്ടി
ഭൂമിയുടെയരികിൽ ഞാനുമിരുന്നു...

No comments:

Post a Comment