Wednesday, April 6, 2011

 ഒരിയ്ക്കലെങ്ങോ

ഒരിയ്ക്കലെങ്ങോ
ഗ്രാമം പണിതീർത്ത
മൺകുടിലുകളിൽ മങ്ങിക്കത്തിയ
ചിമ്മിനിവിളക്കുകൾക്കരികിൽ
മിഴിനീരൊഴുക്കിയിരുന്നു
ദരിദ്രസങ്കടങ്ങൾ
അന്നും വൈദ്യതിദീപങ്ങളുടെ
മഹനീയാലങ്കരങ്ങളിൽ
നഗരമാഹ്ളാദിച്ചുകൊണ്ടേയിരുന്നു
ഇടയിലെവിടെയൊ
പകച്ചുനിന്നോരക്ഷരങ്ങൾ
ഗ്രാമദൈന്യത്തിനെ കൈവിരലാൽ
തൊട്ടറിഞ്ഞു
മുനയൊടിഞ്ഞ പേനതുമ്പിലൊഴുകി
മുറിവുകളിലെ രുധിരം
പിന്നെയെവിടെയോ യാത്രപോയ
നിമിഷങ്ങൾ മഞ്ഞുമലയിലുറഞ്ഞപ്പോൾ
മറന്നുവച്ച നിലവറയിലെ
പഴയോലക്കെട്ടിലെ
പുരാണങ്ങളിലൂടെ നടന്നു ഗ്രാമം
അപ്പോഴേയ്ക്കും ഗ്രാമപാതയിലും
വൈദ്യുതിയെത്തിയിരുന്നു
കുളിച്ചിറൻചൂടിയെത്തും പുലരിയിൽ
അക്ഷരങ്ങൾക്കരികിൽ നിന്നും
ചിമ്മിനിവിളക്കിൻ പുകയുമകന്നിരുന്നു..
നെൽപ്പാടത്തിനരികിലൂടെ
പവിഴമല്ലിപ്പൂവുകളിൽ
മഞ്ഞുതൂവിയ ശിശിരം
നടന്നു നീങ്ങിയ വഴിയിൽ
ഗ്രാമം അകിലും ചന്ദനക്കൂട്ടും
സുഗന്ധപാത്രങ്ങളിലേറ്റി
വീണ്ടും വിരൽതുമ്പിലൊരു
വിസ്മയതുണ്ടായുണർന്നു....

No comments:

Post a Comment