Friday, April 15, 2011

കടലിരമ്പമുള്ള ശംഖ്

മെല്ലെമെല്ലെയൊരുണർവുപോൽ,
വിസ്മയപ്പൂവു പോൽ
ചൈത്രമുണർന്നുവന്നപ്പോഴേയ്ക്കും
കൽതൂണുകളിലെ കൊത്തുപണികൾക്കരികിൽ
കടംകഥപറയാനാറിയാത്തൊരുമനസ്സുമായ്
പ്രദിക്ഷണവഴിയേറി ചന്ദനസുഗന്ധത്തിലേയ്ക്ക്
നടന്നുനീങ്ങിയിരുന്നു ഭൂമി....
ഈറൻമേഘങ്ങളപ്രതീക്ഷിതമായ്
പെയ്തൊഴിഞ്ഞ സായന്തനത്തിനരികിൽ
ഓട്ടുരുളിയിലണിയാഭരണങ്ങളണിഞ്ഞിരുന്നു
കണിപ്പൂവുകൾ...
വഴിയിലൊരു ഋതു ഉപേക്ഷിച്ചുപോയ
സ്വർണനൂലുകളാൽ മനസ്സിനൊരു
കവചം പണിതു ഭൂമി....
ശരത്ക്കാലനിറമുള്ള മൺവിളക്കുകൾക്കരികിൽ
ഇടറിവീണ നിമിഷങ്ങൾക്കായൊരു
വെൺകൊറ്റക്കുട തേടിനടന്നു കാലം...
ഋതുഭേദങ്ങളെ മഷിതുള്ളികളാൽ കടഞ്ഞു
പുതിയ വഴിയിലൂടെ പുതുമതേടിയോടിയ
ഗോപുരമുകളിലെ ശിരോലിഹിതങ്ങൾ
ഉടയാത്തതിനിയെന്തെന്നന്വേഷിച്ചരികിലൂടെ നീങ്ങി
കുറെയേറെ രാപ്പകലുകളെഴുതി സമമാക്കിയ
പ്രദോഷസന്ധ്യയുടെ ചെപ്പിൽ നിന്നുണർന്നുവന്നു
ഒരു ശംഖ്..
കടലിലൊഴുകിയൊഴുകിയൊരീറൻസന്ധയുടെ
ഹൃദ്സ്പന്ദനങ്ങളുള്ളിലൊതുക്കിയ
കടലിരമ്പമുള്ള ശംഖ്....

No comments:

Post a Comment