Thursday, April 7, 2011

ഹൃദ്സ്പന്ദനങ്ങൾ

വിരലിലെ മുറിവിൻതുമ്പിലനങ്ങും
വേദനയാറ്റാനൊരുമൊഴിനേടി
ഭൂമി നടന്നവഴിയിൽ
മിനുക്കിമിനുക്കിതേഞ്ഞുപോയ
മണൽതരികളെ ചേർത്തു പണിഞ്ഞ
ഗോപുരമുകളിലൊരു
പട്ടുപരവതാനിയിലിരുന്നെഴുതുന്നതാരോ?
ഒഴുകുന്ന കടലിന്റെയാന്ദോളനത്തെ
മനസ്സിലേയ്ക്കിട്ടൊരുമഞ്ഞുകാലത്തിൻ
മഞ്ഞിൻകണങ്ങളിലുറഞ്ഞ
പോയകാലത്തിന്റെയോർമ്മപ്പാടിലൊരു
മുൾവാകതൈയേറ്റി നടന്നുനീങ്ങിയതാരോ
ചെങ്കുത്തായ മലനിരകളിൽ
തട്ടിയുടഞ്ഞ കളിപ്പാട്ടങ്ങളിലെ
ചലനം നിലക്കാത്ത ചക്രങ്ങൾപോലെ
വിരലുകൾക്കുള്ളിൽ തിരിയുന്നു ഭൂമി
ചുറ്റിലും പ്രദക്ഷിണവഴിയിൽ
പ്രകമ്പനങ്ങളനേകം
കിരീടങ്ങളിൽനിന്നടർന്നടർന്നുവീഴുന്നു
അമൂല്യരത്നങ്ങളനേകം....
തടുത്തുകൂട്ടിയ മൺതരികളെ
ചേർത്തുപണിയാമിനിയൊരു
മൺകുടിൽ
വേനൽതീയാറ്റിയതിനുള്ളിലിരുന്നരികിലെ
മാറ്റത്തിന്റെ ശംഖിലുയരും
മാറ്റൊലിയിലലിയാം..

No comments:

Post a Comment