Wednesday, April 6, 2011

കടവിനപ്പുറമുള്ള ഗ്രാമത്തിലേയ്ക്കുള്ളവഴി
കടവിനപ്പുറമുള്ള
ഗ്രാമത്തിലേയ്ക്കുള്ളവഴി
മണ്ണിടിഞ്ഞാകെയലങ്കോലപ്പെട്ടിരിക്കുന്നു
ആൽമരത്തണലിനരികിലൂടെ
പണ്ടെങ്ങോ കടവേറിപോയ
ഒരു കനവിന്റെ നേർത്തഹൃദ്സ്പന്ദനം
നക്ഷത്രമിഴിയിലേറി
ആകാശത്തേയ്ക്കു പോയി
അതിലാകെയുണ്ടായിരുന്നതൊരു
വരിക്കവിത..
കാലമതിനെയാകെ കീറിമുറിച്ചളന്നുതൂക്കി
മെതിയടിയിലേറ്റിയൊരബദ്ധസങ്കല്പങ്ങളുടെ
നിമിഷവേഗമാക്കി മായ്ക്കുമ്പോൾ
രുദ്രാക്ഷം തിരിച്ചിരുന്ന ത്രിസന്ധ്യയുടെ
മന്ത്രാക്ഷരങ്ങളെയുണർത്താൻ
കടവിന്റെയൊരരികിൽ
മൺചിരാതുകളിൽ
സസന്ധ്യാവിളക്കേറ്റിനിന്നു മനസ്സ്
കടവിനരികിൽ
കടലിന്റെസ്പന്ദനതാളത്തിലേയ്ക്കൊരു
കടത്തുവഞ്ചിയ്ക്കായ് കാത്തിരുന്നുമനസ്സ്.....

No comments:

Post a Comment