Sunday, April 17, 2011

ചന്ദനമരങ്ങൾക്കരികിലൂടെ

എല്ലാറ്റിനുമവസാനമെന്നുറപ്പിക്കുമ്പോഴും
അവസാനിക്കാത്തതായി ഒന്നുണ്ടാവാം
എഴുതിമായ്ക്കാനാവാത്ത വാക്കുകളുടെ
ഹൃദ്സ്പന്ദനങ്ങളാവാമത്
നക്ഷത്രമിഴിയിലെ വെളിച്ചവുമായേക്കാമത്
ദൈവമൊരിക്കലുമൊരു കൽശിലയിലെ
കാഠിന്യമാവാനിടയില്ല
എല്ലാം കാണുകയും കേൾക്കുകയും
ചെയ്യുന്നുണ്ടാവാമാശിലക്കുള്ളിൽ
ഉറക്കം നടിച്ചിരിക്കുന്നൊരാൾ
കൈവിരലുകളിലൂടെയൊഴുകും
വാക്കുകളിലും
കടലിരമ്പത്തിലുമെല്ലാമൊഴുകും
മധുരതരമായ മന്ത്രണങ്ങളിൽ
കേൾക്കുന്നുണ്ടല്ലോ ഞാനാശിലയുടെ
ഹൃദയമിടിപ്പുകൾ
ചന്ദനമരങ്ങൾക്കരികിലൂടെ
നടക്കുമ്പോഴുള്ള സുഗന്ധം
കടലാസുപൂവുകളിൽ
നിന്നൊഴുകാത്തതെന്തേയെന്നോർത്തതിശയവുമില്ലയിന്ന്
ഓട്ടുവിളക്കുകളിലെ എള്ളെണ്ണത്തിരികളിൽ
നിന്നൊഴുകും പ്രകാശത്തിൽ
കാണാനാവുന്നുണ്ടല്ലോ
മിഴി തുറന്നുനോക്കും കൽശിലകളെ
അവിടെയാൾക്കൂട്ടത്തെ തേടിയല്ലല്ലോ
ഞാൻ ചെന്നത്
അതിനാലിനിയുമൊരു പ്രദർശനത്തിനു
ബാക്കിപത്രമെന്നോണം
കൽശിലകളെ കൈയേറാതിരുന്നാലും...
ദൈവങ്ങൾക്കിഷ്ടം
കുചേലങ്ങളിൽ കിഴികെട്ടിയെത്തും
ധർമ്മസങ്കടങ്ങളായിരിക്കും..
ഏകാന്തതയിൽ നിന്നാവുമതീവഹൃദ്യമാം
പ്രഭാതങ്ങളുണർന്നുവരിക......

No comments:

Post a Comment