Tuesday, April 5, 2011

പ്രശാന്തമായ ഒരിടമെന്നാൽ

പ്രശാന്തമായ ഒരിടമെന്നാൽ
വീണയുടെ നാദമെന്നു
തോന്നിതുടങ്ങിയിരിക്കുന്നു
പിന്നീടുള്ളതിനെല്ലാം
ഒരുപ്പുറപ്പില്ലായ്മയനുഭവപ്പെടുന്നു
വഴിയോരത്തെവിടെയോപകച്ചോടും
വിധിയൊരാൾരൂപനിഴലായ്
അടുത്തൊരു വൃക്ഷശിഖരത്തിനിടയിൽ
പതിയിരുന്നീറൻ സന്ധ്യയുടെ
മന്ത്രങ്ങളെയപഹരിക്കുന്നു
ജപമാലയിലൊഴുകിനിറയുന്നു
നിസംഗമായൊരുണർവ്
സോപാനപ്പടിയിലിരുന്നാരോ
ചൊല്ലും പുരാണങ്ങളിൽ
യുഗങ്ങളുടെ തിരനോട്ടം
പ്രശാന്തിയുടെ പുസ്തകങ്ങളിലാർക്കും
വേണ്ടാത്ത നാലുവരിപ്പിശകുകൾ വായനശാലയിലിരുന്നൂറ്റിയെടുത്ത
കയ്പുനീരിലിത്തിരി മധുരക്കരിമ്പിൻ
നീരുപോലുണരും സ്വരങ്ങളെയിട്ട്
മനനം ചെയ്യും മനസ്സിന്റെയുള്ളിൽ
നേർത്തില്ലാതെയാവുന്നു ലോകം
ഇടവഴിയിലിടറിവീഴും
നിഴലുകളെ മായിക്കും സന്ധ്യയുടെ
ചെപ്പിലെ നക്ഷത്രങ്ങളായ്
മാറിയ കുറെയേറെ സ്വരങ്ങളുണരും
കടൽത്തീരത്തിരിക്കുമ്പോൾ
അശാന്തിയുടെ പുസ്തകത്താളുകളൊഴുകി
മായുന്നതു കണ്ടു.....

No comments:

Post a Comment