Thursday, April 14, 2011

ഹൃദ്സ്പന്ദനങ്ങൾ

എഴുതിതൂത്തുപിന്നെയുമെഴുതി
നിറയ്ക്കുമൊരു ദിനപ്പെരുമയുടെ
നാലുമടക്കിനുള്ളിൽ
മായാത്തതെന്തന്നന്വേഷിക്കുന്നതിനിടയിൽ
കൈവിരലുകളിൽ
തൂവൽസ്പർശമായുണരുന്നുവല്ലോ
ഹൃദ്സ്പന്ദനലയം..
ഋതുക്കൾ ചാണക്കല്ലിൽ
ചന്ദനലേപമൊരുക്കുമ്പോൾ
തുടർക്കഥയിൽ മഷിതൂത്തുവിടുന്നുകാലം
ഒരൂഷരകാലപാതയിലോടിയ
തേർചക്രങ്ങളിലുടക്കിയ കുറെ
മണൽത്തരികൾ കടലിലേയ്ക്കൊഴുകിനീങ്ങുന്നു
വിൺചെപ്പിലെയൊരു നക്ഷത്രം
സന്ധ്യാവിളക്കുകളെ തെളിയിച്ചരികിലിരിക്കുന്നു
ഒറ്റയ്ക്കിരിക്കാനിഷ്ടമുള്ളവരോടുള്ളോരനിഷ്ടം
ഒരുകവി തർജ്ജിമതാളുകളിലിറ്റിക്കുന്നു
ശരറാന്തലുകളുടഞ്ഞ നേരം
പ്രകാശം സൂക്ഷിക്കാനറിയാഞ്ഞവർ
ഇരുട്ടിനോടൊപ്പം നീങ്ങിയപ്പോഴേയ്ക്കും
പ്രകാശം വിൺചെപ്പിലെ നക്ഷത്രങ്ങളായ്
മാറിയിരുന്നു....

No comments:

Post a Comment