Wednesday, August 8, 2012

 ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങളിൽ
ദൈവമെഴുതുന്നു
ശിരോപടങ്ങളൊരിക്കലും
നന്മയുടെ സ്നേഹിതരാവില്ല
ഭൂമിയുടെ സ്വപ്നകാവ്യങ്ങളിലും
മുഖപടങ്ങളുടെ തീർപ്പെഴുത്തുണ്ടാവില്ല..
ആരോഹരാണവരോഹണങ്ങളിലുണരും
സ്വരങ്ങളേ
അറിഞ്ഞാലും
അതൊരു മുഖമായിരുന്നില്ല
വിശ്വസിക്കാനൊരിക്കലുമാവാത്ത
ഒരു മൂടുപടം
അതടർന്നുവീഴുകയും ചെയ്തിരിക്കുന്നു


മഷിപ്പാടുകളേ
നിങ്ങളുടെ ചിന്താവിഷയങ്ങൾ
മുഷിഞ്ഞിരിക്കുന്നു
ഭൂമിയുടെ തുണ്ടുകളിൽ
അഴുകിവീഴുന്ന അവയിൽ

നന്മയുടെ ഒരു കണം പോലും
കാണാനാവുന്നുമില്ല
ഘോഷയാത്രയിൽ
ആരവത്തിൽ
നിങ്ങൾ കോരിയൊഴുക്കും
ചായത്തിനപ്പുറം
നിങ്ങളുടെ വന്യ ലോകത്തിന്റെ
നിയമങ്ങൾ പാലിക്കാൻ
വർഷഋതുവിനോടാഞ്ജാപിക്കരുത്

മുഖപടങ്ങളേ നിങ്ങളുടെ
ഒരോ എഴുത്തുപുസ്തകവും
ഒരു തരം അരോചകത്വമേകുമ്പോൾ
എന്തിനിനിയും ഭൂമിയുടെ
ജാലകവാതിലിൽ
നിങ്ങൾ നിഴൽനൃത്തം ചെയ്യുന്നു
നിങ്ങൾക്കൊന്നു പൊയ്ക്കൂടേ
പുതിയ നഗരങ്ങളിൽ
ചായമൊഴുക്കും നാഗരികത
നിങ്ങൾക്കൊരുപാടൊരുപാട്
പൊൻ നാണയങ്ങളുമേകിയേക്കും
അതിനാൽ പിരിഞ്ഞുപോകുക
നിങ്ങളുടെ നിഴലുകളിൽ
കവിതയിലെ മൃദുസ്വരങ്ങൾ
മായാതിരിക്കാനെങ്കിലുമായ്
ഭൂമിയുടെ വാതിൽപ്പടിയിൽ
നിന്നുമൊഴിഞ്ഞുപോയാലും...

No comments:

Post a Comment