Friday, August 3, 2012

ഹൃദ്സ്പന്ദനങ്ങൾ

നീതി നിയമപുസ്തകത്തിൽ
മരിച്ചുവീഴുമ്പോൾ
നിയമം വിരൽതുമ്പിൽ
വാക്കായി വിടരുന്നുവോ

ഓർമ്മതെറ്റിയ
ദിനങ്ങൾക്കരികിൽ
ഓട്ടുവിളക്കുകളിൽ
എണ്ണത്തിരി തെളിയ്ക്കും
ഗ്രാമമേ
നൈർമ്മല്യത്തിന്റെ
വാക്കുകളിൽ
കാഠിന്യം നിറയുന്നുവോ

നഗരം ചിന്തേരിട്ട
പാതയിലൂടെ
നടന്നെത്തിയ ദൂരം
മരീചികയായിമാറിയ 

മഴക്കാലസായാഹ്നത്തിൽ
ഹൃദയമേ
നെരിപ്പോടുകളിലെരിഞ്ഞ
വാക്കുകളിലല്പം
അമൃതുതൂവിയാലും

കല്പാന്തങ്ങളിൽ
യുഗങ്ങളുടച്ചുലച്ച
കാവ്യസ്പന്ദങ്ങളേ
ഹൃദ്സ്പന്ദനങ്ങളിലുണർവായ്
പുനർജനിച്ചാലും

No comments:

Post a Comment