ഹൃദ്സ്പന്ദനങ്ങൾ
വിരലിലിന്നുമുടക്കുന്നു
ചില്ലുകൂടേറ്റിയ
മുറിപ്പാട്
അതിനരികിലെ
സമുദ്രം ക്ഷോഭിക്കുന്നതിൽ
അത്ഭുതപ്പെടേണ്ടതുമില്ല
അശോകപ്പൂവിതളിലൊരു
കാവ്യസ്വരം തേടിതുറന്ന
ജാലകവാതിലിനരികിലേയ്ക്ക്
നിഴൽ തൂവിയ
കറുപ്പിൻ രൗദ്രമേ
ആകാശവാതിലിനരികിൽ
ഒരു മിഴി നിന്നെയും
കണ്ടുകൊണ്ടിരിക്കുന്നു
ആർദ്രസംഗീതം
ഓർമ്മയായിമാറിയ
വർത്തമാനക്കെട്ടിൽ
മഴയുണർത്തുന്നുവല്ലോ
വീണ്ടുമൊരു
സർഗഗീതം
എവിടെയോ
പദം തെറ്റി വീണ കാവ്യമേ
സ്വരങ്ങളുമനുസ്വരങ്ങളും
സമുദ്രം ശംഖിൽ സൂക്ഷിച്ചിരിക്കുന്നു
ഞാനവയെ മെല്ലെ പുറത്തേയ്ക്കെടുക്കാം
ഹൃദ്സ്പന്ദനങ്ങളിൽ ശ്രുതിചേർക്കാം
വീണ്ടുമുണരട്ടെ
ശരത്ക്കാലവർണ്ണമാർന്ന
പൂവുകൾ
No comments:
Post a Comment