നക്ഷത്രങ്ങളുടെ കവിത

പതാകയേന്തി നിൽക്കും
സ്വാതന്ത്ര്യമേ
ഒരവധിദിനമായ്
മുന്നിൽ നടന്നുനീങ്ങുമ്പോൾ
അതിരുകളില്ലാതെ
ആകാശത്തുമിന്നും
നക്ഷത്രങ്ങളെഴുതും
കവിതയ്ക്കരികിലുയർത്തിയാലും
രാജ്യത്തിൻ
മൂവർണ്ണക്കൊടി
മഹായാനങ്ങളിൽ
ഉൾക്കടലിലേയ്ക്ക്
യാത്രയ്ക്കൊരുങ്ങും മനസ്സേ
അറിഞ്ഞാലും
ഇന്നത്തെ പ്രഭാതത്തിലും
ആകാശവാതിലിലെ ദൈവം
നക്ഷത്രങ്ങളെഴുതിയ കവിതകൾ
സൂക്ഷിച്ചുവച്ചിരിക്കുന്നു
ഭൂമിയ്ക്കായ്..
മിഴിയിൽ നിറയും
ത്രിവർണ്ണത്തിൻ മനോഹരഭാവമേ
നക്ഷത്രങ്ങളിന്നെഴുതും
കവിതയിൽ തൂവിയാലും
അശോകപ്പൂവിനഗ്നിവർണ്ണം
മനസ്സിൻ നന്മയിലെ തുമ്പപ്പൂവർണ്ണം
തളിരിലയ്ക്കുള്ളിലെ മരതകവർണ്ണം..
ആരവങ്ങളിൽ
വീണുടയാത്ത
സ്വതന്ത്രമൺതരികളേ
ഹൃദ്സ്പന്ദനങ്ങളിൽ
സമുദ്രമുണരുമ്പോൾ
നക്ഷത്രങ്ങളുടെ
കവിതയിൽ
മിന്നിത്തിളങ്ങിയാലും
No comments:
Post a Comment