Saturday, August 11, 2012

സാഗരസ്പന്ദങ്ങൾ
 

 ചരിത്രത്തിനൊതുക്കുകല്ലുകളിൽ
തട്ടിവീണുടയാതെ
സ്വരങ്ങളെടുത്തു സൂക്ഷിച്ചു
മുനമ്പിൻ ജപമണ്ഡപമേ
കേട്ടാലും
സമുദ്രസംഗീതം

ചന്ദനം തൊട്ടുണരുമൊരു
പ്രഭാതമണ്ഡപത്തിൽ
ചെമ്പകപ്പൂവിരിയും
പാതയിലൂടെ
കൽക്കെട്ടുകളിൽ
സമുദ്രമെഴുതും സ്വരങ്ങൾ
കണ്ടാലും

ദീപാന്വിതമാമൊരു സന്ധ്യയിൽ
ജപമാലയിൽ തിരിയും
രുദ്രാക്ഷങ്ങളേ
പ്രദോഷദീപങ്ങളേ
തീരത്തുലയും സമുദ്രമെഴുതും
പദങ്ങൾ ചേർത്തുവച്ചാലും


ഒലിവിലകൾ
തേടിയൊടുവിൽ
യുദ്ധഭൂവിലെത്തിയ
ഋണപ്പാടുകളെ
മൺ തരികളിൽ വീണുടയും
മഴതുള്ളികളിൽ
സമുദ്രമെഴുതും
കവിതകൾ കണ്ടാലും

മുനമ്പിൽ
സ്വതന്ത്രചിഹ്നങ്ങളുടെ
പതാക തേടിയെത്തും
മനസ്സേ
മുദ്രാങ്കിതമാം
ആകാശത്തിനൊരിതളിൽ
അശോകപ്പൂവിൻ നിറമാർന്ന
സന്ധ്യാദീപങ്ങൾക്കരികിൽ
സമുദ്രം കവിതയെഴുതുന്നതു
കണ്ടാലും




No comments:

Post a Comment