Saturday, August 11, 2012

ഗായത്രിയുടെ കത്ത്
(August 11, 2012)

പ്രിയപ്പെട്ട മീര
ഇന്നു ഞാനൊരു കഥ വായിച്ചു
കഥയുടെ ശീർഷകം ഇതായിരുന്നു

"ചിന്താവിഷയമെഴുത്തുകാരന്റെ മരണം"

ആ കഥയിങ്ങനെയായിരുന്നു...
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു. ഒരു പ്രധാനപത്രത്തിലെ ചിന്താവിഷയമെഴുതുകയായിരുന്നു. അയാളുടെ ജോലി
പള്ളിവികാരിയെ കണ്ടുമടങ്ങുമ്പോൾ കൽപ്പടവിൽ കാൽതെറ്റിവീണു. അബോധാവസ്ഥയിൽ സന്ധ്യവരെയും അയാൾ
തീവ്രപരിചരണത്തിനുള്ളിൽ കിടന്നു... പിന്നെ മരിച്ചു. എഴുത്തുകാരനല്പം പ്രശസ്തിയുണ്ടായിരുന്നതിനാൽ ജനങ്ങൾ അയാൾക്കല്പം മാന്യമായ വിടവാങ്ങലേകി...


മരണത്തിനുശേഷം ചിന്താവിഷയമെഴുത്തുകാരൻ പ്രൗഢിയോടെ സ്വർഗവാതിലേയ്ക്ക് നടന്നു. പാറാവുകാർ അയാളെ തടഞ്ഞു. അയാൾക്കല്പം നീരസമുണ്ടായി. അത് പ്രകടിപ്പിക്കും മുൻപേ ദൈവം അയാളുടെ മുന്നിലേയ്ക്ക് വന്നു..അയാൾ കരുതി, ദൈവം അയാളെ സ്വീകരിക്കാൻ വരുകയായിരുന്നു എന്ന്. പക്ഷെ ദൈവം അയാളോടു പറഞ്ഞു.
"നിങ്ങൾക്കീ സ്വർഗരാജ്യത്തിൽ സ്ഥാനമില്ല."

 നിങ്ങളുടെ സ്ഥാനം അവിടെ".. 
ദൈവം കാട്ടിയ സ്ഥലം കണ്ട് അയാൾ ഞെട്ടി. വന്യജീവികളുടെ ഒരു ചില്ലുകൂട്. "ദൈവമേ! അങ്ങേയ്ക്കാളു തെറ്റിയിരിക്കും. 
പ്രശസ്തനായ  ചിന്താവിഷയമെഴുത്തുകാരൻ... 
ദൈവം അയാളെ മുഴുമിപ്പിച്ചില്ല. 
പിന്നീടു പറഞ്ഞു.
നിങ്ങളീ കുട്ടിയെ അറിയുമോ?? 

ചിന്താവിഷയക്കാരൻ ദൈവം കാട്ടിയ ചിത്രത്തിലേയ്ക്ക് നോക്കി..

ഈ കുട്ടിയെ നിങ്ങളും നിങ്ങളുടെയാൾക്കാരും കൂടി ചില്ലുകൂടിലടച്ചില്ലേ? കാക്കയെന്നും പട്ടിയെന്നും, പൂച്ചയെന്നും, പാമ്പെന്നും വിളിച്ചാക്ഷേപിച്ചില്ലേ, ഈ കുട്ടിയെ വിഷമിപ്പിക്കണമെന്ന ദുരുദ്ധേശത്തോടു കൂടി നിങ്ങളെത്ര ചിന്താവിഷയങ്ങളെഴുതി..

ദൈവമേ ആ കുട്ടി... 

ചിന്താവിഷയക്കാരൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു..
ദൈവം പെട്ടെന്ന് പറഞ്ഞു.. നിങ്ങളുടെയാളുകളാണീക്കുട്ടിയെ ആദ്യം ആക്രമിച്ചത്,ചില്ലുകൂടിലടച്ചത്, പലേ പേരും വിളിച്ചാക്ഷേപിച്ചത്,
ആ കുട്ടി നിങ്ങളുടെയാളുകളെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണവും നിങ്ങൾ തന്നെ. ആ കുട്ടി അങ്ങനെ ചെയ്യുമ്പോൾ
ആ കുട്ടിയുടെയരികിലിരുന്ന് സഹായിച്ചതും ധൈര്യം കൊടുത്തതും ഞാൻ തന്നെ. അഴിമതി കാട്ടിയ ഒരു സ്ത്രീയെ ന്യായീകരിക്കാനായി
നിങ്ങളെന്തെല്ലാം ഈ കുട്ടിയോടു ചെയ്തിരിക്കുന്നു. അതും എനിക്കറിയാം..


പാറാവുകാരെ.. 

ഈ ചിന്താവിഷയക്കാരനെ ആ ചില്ലുകൂടിലെ വന്യ മൃഗങ്ങൾക്കിടയിലിട്ടു പൂട്ടുക. ഇയാളെ കൊല്ലരുത് എന്ന് ആ മൃഗങ്ങളോട് പ്രത്യേകം പറയുക. മറ്റുള്ളവരെ കുത്തിനോവിക്കാനായ് ഇയാളെഴുതിയതു പോലെ ആ മൃഗങ്ങളിയാളെയും ഒന്നു കുത്തിനോവിക്കട്ടെ. ഇത്രയും പറഞ്ഞ്  സ്വർഗവാതിലടച്ച് ദൈവം അകത്തേയ്ക്ക് പോയി..

മറ്റുള്ളവരെ കുത്തിനോവിക്കാനായ് ചിന്താവിഷയമെഴുതിയുണ്ടാക്കിയതിൽ അന്നാദ്യമായി അയാൾ ദു:ഖിച്ചു.. പക്ഷെ വൈകിയിരുന്നു.. 
ചില്ലുകൂട്ടിലേയ്ക്ക് വീഴുമ്പോൾ അതിനുള്ളിൽ അയാൾക്ക് കൂട്ടായി അയാളുടെ പ്രധാനപത്രാധിപരും ഉണ്ടായിരുന്നു എന്നതായിരുന്നു അയാളുടെ ഏക ആശ്വാസം.....

മീര, 
ഭൂമിയിലെ നന്മ കാണാതെ മറ്റുള്ളവരെ ചില്ലുകൂടിലടയ്ക്കുകയും, പിന്നീട് ചിന്താവിഷയങ്ങളെന്ന പേരിൽ പ്രഹസനങ്ങളെഴുതി  മഹാന്മാരെന്നഭിമാനിക്കുകയും,അത് പ്രസിദ്ധീകരിച്ചാനന്ദിക്കുകയും
 ചെയ്യുന്ന ചിലരെങ്കിലമീലോകത്തുണ്ട്
അവരീകഥയൊന്നു വായിച്ച് നന്നായെങ്കിലെന്നാശിക്കുന്നു,..


 ഗായത്രി


No comments:

Post a Comment