Friday, August 10, 2012


 സ്വതന്ത്രസങ്കീർത്തനം













എന്റെ കൈയിലുണരും
ത്രിവർണ്ണമേ
രാജകിരീടങ്ങൾക്കകലേയ്ക്കകലേയ്ക്ക്
നിന്നെ ഞാനെടുത്തു സൂക്ഷിക്കാം
ഒരു ശംഖിനുള്ളിൽ, സമുദ്രത്തിനടിയിൽ
ശുദ്ധികലശം കഴിയും വരേയ്ക്കും,
സ്വതന്ത്രമന്ത്രസങ്കീർത്തനമുണരും വരേയ്ക്കും
രാജപാതയിലെ നിഴൽപ്പാടുകൾ
മായും വരേയ്ക്കും
ജാലകവാതിലിലുറക്കം കെടുത്തും
ദു:സ്വപ്നങ്ങൾ മായും വരേയ്ക്കും
ഇൻഡ്യയുടെ ത്രിവർണ്ണമേ
പവിഴമല്ലിപ്പൂവിരിയും
പടിപ്പുരയിലൂടെ
അറയിലൊളിക്കുക..
അകലെ ഘോഷയാത്രയിൽ
തന്ത്രങ്ങളുടെ തുടിയിൽ
നിന്റെയോരോ വർണ്ണവും
മാഞ്ഞുതുടങ്ങിയിരിക്കുന്നു
അതിനാലിന്നു നിന്നെ ഞാൻ
ധ്വജത്തിൽ നിന്നഴിച്ചെടുക്കുന്നു
നെരിപ്പോടിൻ ഹോമപാത്രത്തിൽ,
തീർപ്പെഴുത്തിൽ

തുണ്ടുതുണ്ടാക്കപ്പെട്ട രാജ്യത്തിൻ
നിടിലത്തിലെന്തിനായൊരു
നോക്കുകുത്തി...
ത്രിവർണ്ണമേ
നിന്നെ സൂക്ഷിക്കാൻ
രാജ്യത്തിനായേക്കും
പക്ഷെ രാജ്യം കൈയേറും
നിഴലുകൾക്കതിനുമാകില്ല
നിഴലൊഴുകിയൊഴുകി
മനോഹരമാം നിന്റെ വർണ്ണങ്ങൾ
മാഞ്ഞുതീരാതിരിക്കാൻ
ത്രിവർണ്ണമേ
നീന്നെ ഞാനൊരു മുനമ്പിൽ
സൂക്ഷിക്കാം

ശുദ്ധികലശം കഴിയും വരേയ്ക്കും,
സ്വതന്ത്രമന്ത്രസങ്കീർത്തനമുണരും വരേയ്ക്കും..

No comments:

Post a Comment