Wednesday, August 1, 2012

നക്ഷത്രങ്ങളുടെ കവിത

മഹാസമുദ്രതീരങ്ങളിൽ
സമാധിയിലാണ്ട
ജപമണ്ഡപമേ
ആർദ്രമാമൊരു
സന്ധ്യാദീപത്തിനരികിൽ
ആകാശത്തിൻ
ശ്രാവണക്കൂട്ടിൽ
നക്ഷത്രങ്ങളെഴുതും
സ്വരങ്ങളുരുക്കി
ഒരു കീർത്തനമാല്യം
രചിച്ചാലും

മിഴിതൊട്ടുണർന്ന
മൊഴിയിലുടക്കിയ
മുൾവാകകൾക്കരികിൽ
വിടർന്നുവരും
പവിഴമല്ലിക്കവിതകളേ
നക്ഷത്രങ്ങളുടെ പ്രകാശമാനമായ
സർഗങ്ങൾ
ഇതളുകളിൽ സൂക്ഷിച്ചുവച്ചാലും


ഏകതാരയിലുണരും
സർഗസംഗീതമേ
ഒലിവിലകൾ കരിയും
വേനൽക്കാലത്തിനന്ത്യത്തിൽ
ഓർമ്മച്ചരടുകളെരിഞ്ഞുതീർന്ന
മദ്ധ്യാഹ്നവെയിൽനാളങ്ങളിൽ
പുകഞ്ഞുതീർന്ന ദിനാന്ത്യങ്ങൾക്കായ്
നക്ഷത്രങ്ങളെഴുതും
കവിതയിലലിഞ്ഞാലും

ഗ്രഹദീനങ്ങൾ മിഴാവു കൊട്ടും
ആട്ടക്കളരികളിൽ
അരിമാവിൻ കോലം തീർക്കും
അഗ്രഹാരങ്ങളേ
അനുസ്വരങ്ങളിൽ,
മഴതുള്ളികളിലൊഴുകും
വാക്കിൽ പ്രകാശം തൂവും
നക്ഷത്രങ്ങളുടെ
സൗമ്യസ്പർശം പോലെയുണരും
ഹൃദ്സ്പന്ദനലയം കേട്ടാലും...

No comments:

Post a Comment