Sunday, August 12, 2012

 മൊഴി

നിഴലടർത്തിയ ചുമരുകൾ
ചിന്തേരിട്ടു മിനുക്കും
സംവൽസരങ്ങൾ

ആരൂഢം തെറ്റിയ
ഭൂമണ്ഡപങ്ങളിൽ
നവീകരണകലശമന്ത്രം
ചൊല്ലും മഴതുള്ളികൾ

കടലാസുതാളുകളിൽ
ചായക്കൂടുകൾ
അക്ഷരങ്ങളിൽ
അനശ്വരകാവ്യസ്വരങ്ങൾ

ആകാശത്തിനീറൻ
പ്രഭാതങ്ങളിൽ
തൂലികയിൽ തുളുമ്പി
നിൽക്കുമൊരു മൊഴി

കൽത്തറയിൽ തുളസിദീപം
തെളിയിക്കും ഗ്രാമം
ഒരുണർവ്

എഴുതിയെഴുതിതീരാതെ
അരികിൽ
തുടിയിടും കടൽ

ശ്രുതിയിടറിയ
ഒരോർമ്മതെറ്റിൻ
സായാഹ്നം

ഹോമദ്രവ്യങ്ങളിൽ
വീണ്ടുമുണരും
മൃത്യുഞ്ജയമന്ത്രം

ഓരോ അക്ഷരവും
മുദ്രകളായ് വിരിയും
വിരൽതുമ്പിലൊഴുകും
ഭൂമി...


No comments:

Post a Comment