Wednesday, August 29, 2012

 മൊഴി

എഴുതിയെഴുതിതീരാതെ
ഭൂഗാനങ്ങളിലൊഴുകും
വാക്കുകളേ
ചില്ലുകൂടുടഞ്ഞൊരു
മഴയിലൊഴുകിമായും വരെയും
മൊഴിയിലലിയുക


സങ്കല്പത്തിൻ തീർഥക്കുളങ്ങളിൽ
മുങ്ങിയെടുക്കാം
പ്രഭാതത്തിനക്ഷയപാത്രം
അതിലുമുണ്ടാവും
ഒരു ശാകപത്രം
അക്ഷരങ്ങളൊഴുകും
കടൽ...


മുകിൽനീറ്റും മഷിതണ്ടുകളരികിൽ
നിഴൽതൂവുമ്പോൾ
ശരത്ക്കാലസ്വർണ്ണത്തരികൾ
സൂക്ഷിക്കും നക്ഷത്രങ്ങൾ കടയാം

അതിലെഴുതാം
ഒരു കൃതി


മുനമ്പിൻ സന്ധ്യയിൽ
സങ്കീർത്തനമുത്തുകളിൽ തുളുമ്പും

 മന്ത്രച്ചരടിൽ
ഹൃദ്സ്പന്ദങ്ങൾ ചേർക്കാം

സർഗങ്ങളിൽ,സാഗരങ്ങളിൽ
വാക്കുണരും സമതലങ്ങളിൽ
ഉപദ്വീപൊരു നിഗൂഢസ്വപ്നം
ഉൾക്കടൽ പോലൊരു കാവ്യം.....



No comments:

Post a Comment