Friday, August 17, 2012

 സ്വാതന്ത്ര്യസ്വപ്നങ്ങൾ
















 വഴി നടന്നെത്തിയാരണ്യകം
കാണുന്നതൊരു രാജ്യമിന്നതിന്നറയിൽ
വിലങ്ങിൽ കുരുങ്ങുന്നുവോ
മന്ത്രജപവുമായ് നിൽക്കുമെൻ
സ്വാതന്ത്യകവിതകൾ


മുകളിലാകാശമനന്തമേകാന്തമിന്നതിനുള്ളിലും
ഗ്രഹപ്പിഴവുകൾ; കണ്ടുകണ്ടിവിടെയീ
ഭൂമിയും പുകതിന്നു പിന്നെയാപകയിലെ
തീയിൽ ചുരുങ്ങുന്നു ലോകവും

മഴയിൽ തളിർക്കേണ്ടൊരുദ്യാനമേ
മുകിൽത്തിരകളിൽ വീണ്ടും ഋണം ചേർത്തു
തുന്നുന്നതിവിടെയിന്നാരോ
ശിരോപടങ്ങൾക്കുള്ളിലിനിയും
മറഞ്ഞിരിക്കുന്നുവോ ദൈന്യങ്ങൾ

കവടിശംഖിൽ കണ്ടു പണ്ടേദുരാഗ്രഹപ്പെരുമകൾ
പിന്നെയോ ദേവവാദ്യങ്ങളിൽ
വിരൽതൊടുമ്പോൾ വീണുകിട്ടും സ്വരങ്ങളും
പൊരുതുന്നു വീണ്ടും മഴക്കാലസന്ധയിൽ

പവിഴമല്ലിപ്പൂക്കളെന്നോ രചിച്ചോരു
കവിതയിൽ കയ്പുതൂവുന്നുവോ നിഴലുകൾ
മിഴിയിലെന്നും കടൽചേർക്കുന്നുവോ
ശംഖിലെഴുതുവാനാവാത്ത ഗാനസങ്കീർത്തനം

വിരലിലെ വിസ്മയക്കൂട്ടിൽ നിന്നും
പുനർജനിയുമായ് വീണ്ടും വരും
മഴക്കാലമേ
ഇവിടെയീ ഭൂഗാനസോപാനമൊന്നതിൽ
തിരിവച്ചുനിൽക്കുമെനിക്കേതുസങ്കടം..

അരികിലോ നക്ഷത്രകാവ്യങ്ങൾ
പിന്നെയെൻ മിഴിയിലേയ്ക്കൊഴുകുന്നതൊരു
ക്ഷീരസാഗരം
വഴിയിലിന്നേതു വിലങ്ങാവിലങ്ങിന്റെയരികിൽ
ഞാനെഴുതുമെൻ സ്വാതന്ത്ര്യസ്വപ്നങ്ങൾ..

No comments:

Post a Comment