Wednesday, August 1, 2012

നക്ഷത്രങ്ങളുടെ കവിത

ഭൂമിയേകിയ
സമുദ്രതീരത്തിനരികിൽ
മുനമ്പിൻ ശാന്തിയിൽ
ഞാനെഴുതുമ്പോൾ
നക്ഷത്രങ്ങളേ
തൂക്കുവിളക്കുമായ്
വന്നാലും

പ്രഭാതങ്ങളിൽ
മഴയൊഴുകുമ്പോൾ
വിരൽതുമ്പിൽ
വിതുമ്പും അക്ഷരങ്ങളേ
ഭയരഹിതരായിരുന്നാലും
സമ്പൂർണ്ണസ്വരങ്ങളിൽ
നമുക്ക് ചിട്ടപ്പെടുത്തിയെടുക്കാം
ലോകാത്ഭുതങ്ങൾ

മറുകുറി തേടിയലയും
അലയിലൊഴുകിയെത്തും
ശിരോപടങ്ങൾക്കരികിൽ
കടൽശംഖുകളേ
സമുദ്രകാവ്യങ്ങൾ
നീർത്തിയിട്ടാലും

അറിവിന്നക്ഷരങ്ങൾ
മറന്നൊഴുകിയ പുഴയ്ക്കരികിൽ
കൈതപ്പൂവുകൾ
അസത്യമോതുമ്പോൾ
ചന്ദനസുഗന്ധമാർന്ന
വാക്കുകളേകിയ
സായന്തനമേ
നക്ഷത്രങ്ങളുടെ കവിതയെ
ഹൃദ്സ്പന്ദനത്തിലേറ്റിയാലും..

No comments:

Post a Comment