Saturday, August 11, 2012

ഹൃദ്സ്പന്ദനങ്ങൾ












 അഹമെന്നതൊരു ചായം
അതിനപ്പുറമനന്തതയുടെ
തീരം...
മുനമ്പേ
നീ തന്നെ ആദികാവ്യം
അനന്തസാഗരവചനം..

മൊഴിയിൽ ദിനങ്ങൾ
തുന്നിയ സംവൽസരങ്ങളിൽ
ചില്ലുകൾ
മുറിവുണങ്ങിയ
പാടുകളിൽ മഷി..

ഇരുളിന്റെ ചില്ലകൾക്കകലെ
മിന്നും നക്ഷത്രങ്ങളേ
അരികിൽ പുകയുന്നതത്രേ
യന്ത്രമിഴി
അതിനു ഹൃദയവും
ഹൃദ്സ്പന്ദനങ്ങളുമില്ല
ആത്മാവിന്റെ സ്പന്ദനലയവുമില്ല

കണ്ടാലും ചുറ്റിതിരിയും
ഇരുമ്പുവലയങ്ങളെ
അശോകപ്പൂവിൻ നിറമുള്ള
സന്ധ്യയിൽ
ദീപങ്ങൾ തെളിയുമ്പോൾ
യന്ത്രചുറ്റുകളിൽ
ഋണക്കൂട്ടുകൾ തൂവി
കടയാം വീണ്ടും
മഴയിൽ അമൃതവർഷിണിയുണരും
വരേയ്ക്കും...


No comments:

Post a Comment