യാത്ര
അറിയുന്നതിന്നുചിത്രാംബരിയിലൂറുന്നൊരമൃതും
നുകർന്നുവരുന്നൊരാവർഷത്തെ
എവിടെയോ നോവിന്റെമുറിവുണക്കാൻ
മരുന്നെരിയുന്ന കനലിലെ തീയണയ്ക്കാൻ
അരികിലൊഴുകുന്നു കടൽ,
വാനഭിത്തിയിൽ നിരതെറ്റി
നീങ്ങുന്നു നീരദങ്ങൾ....
പലരും പറഞ്ഞൊരാകഥയിലോ
നീർച്ചോലയെഴുതിച്ചുരുക്കുന്നൊരോളത്തിലോ
ഒഴുകിനീങ്ങുന്നതീലോകമെന്നോർത്തോത്തു
പലനാളുകൾ യാത്രപോയെങ്കിലും
കണ്ടതൊരുചില്ലുകൂട്ടിലെ
നിമിഷങ്ങൾ കെട്ടിയോരുരകല്ലുകൾ
കളം തെറ്റിയ തെയ്യങ്ങൾ..
അരികിലായ്സ്വർണരേഖാങ്കിതമാം
കാവ്യമൊഴുകുന്നു; പിന്നെയാമൊഴി
തേടിയെത്രസോപാനങ്ങളിൽ
ജപ തപമാർന്നിരിക്കാം
മനസ്സിലെ ശോകങ്ങൾ...
അവിടെയോ ജാലകക്കണ്ണുമായ്
നിൽക്കുന്ന കൊടിയജാലങ്ങൾ,
മുകൾപ്പരപ്പിൽ തൂവുമൊരുതരി
മധുരമാമധുരത്തിലിറ്റുന്ന കദനവും
കയ്പുമിന്നൊരുപോലെ;
മാറിയോരുദയങ്ങളിന്നും
കിഴക്കേതുടുപ്പിനെ വിരലിലണിഞ്ഞു
നിൽക്കുന്നു, തൊടിയിലെ
ഇലവള്ളികൾചുറ്റിമാറും ഋതുക്കളോ
വിരഹങ്ങളെല്ലാം ഘനീഭവിപ്പിക്കുന്നു..
അരികിലായ് പാരിജാതങ്ങളെതേടുന്ന
മിഴിയിൽമഴക്കാറുമെന്നേമറഞ്ഞുപോയ്
കുയിലുകൾ പാടുവാൻ വന്നെങ്കിലും
മഴത്തുകിലുകൾ കണ്ടുനിറഞ്ഞെങ്കിലും
സന്ധ്യയെഴുതുവാനെത്തിയ
കൽ മണ്ഡപത്തിലെ
നിലവിളക്കാരോകെടുത്തിയാ
സോപാനവഴിയിലോ
നക്ഷത്രപ്പൂവിരിഞ്ഞു..
അറിയാതെയേതോയുഗാന്ത്യത്തിനരികിലായ്
കവിത തേടിതപം ചെയ്തെങ്കിലും
കാലമിടറിയോരാദ്യൂതചിഹ്നങ്ങളിൽ
നിന്നുമുണരുന്നതോ
സ്വസ്തികങ്ങൾ...
അരികിലെദർപ്പണമേകുന്നതേകാന്ത
വസനങ്ങളതിലായി നെയ്തെടുക്കാം
ഗ്രഹപ്പുഴകളിൽ വീണോരിലച്ചീന്തിലൂറുന്ന
വ്യസനവും, രോഷവും,
നിസ്സംഗദൈന്യവും...