Sunday, September 18, 2011

കിഴക്കേവാതിൽ തുറന്നെത്തും  പ്രഭാതം പോൽ 
ചിത്രതൂണിലെ
ചിത്രങ്ങളെത്രയോ വാചാലം
എഴുതിതൂത്തവാക്കിനതിരിൽ
മായാത്തൊരക്ഷരമായ്
സ്പന്ദിക്കും ഹൃദയം....
ശരത്ക്കാലത്തിലായിരുന്നുവോ
ഭൂവർണം തൂവിയ
ഒരാൽ വൃക്ഷതണലിൽ
കടം കൊണ്ട കടലാസിൽ
ലോകം മഷിപുരണ്ടുറങ്ങിയത്..
കവാടങ്ങളിൽ കൊത്തുപണിചെയ്യും
ദിനാന്ത്യങ്ങൾ ഒളിച്ചുസൂക്ഷിക്കും
ഓർമ്മപ്പിശകിനും
പറയാനൊരു കഥയുണ്ടാവും..
എവിടെയോ നേർത്ത
പട്ടുനൂലിൽനിന്നൂർന്നു
വീണൊരുമുത്തുപോൽ,
കിഴക്കേവാതിൽ തുറന്നെത്തും
പ്രഭാതം പോൽ
ഒരെഴുത്തുകൂട്ടിൽനിന്നുണർന്നു
വന്നൊരക്ഷരം
കമാനങ്ങൾ മാറ്റുമൊരു
ഋതുവിൻ കടംകൊണ്ട
സായാഹ്നക്കനലിൽ
മഴകാത്തിരിക്കുമ്പോഴായിരുന്നുവോ
മണൽതരികളിലൂടെ
തിരയേറിവന്നശംഖിലെകടലിൽ
ഹൃദ്സ്പന്ദനമെന്നപോൽ
ഒരുവരിക്കവിതയുണർന്നത്??

1 comment: