Thursday, September 1, 2011


പ്രദക്ഷിണവഴിയിൽ
ഒരിലച്ചീന്തിലൂടെയൊഴുകിമായും
പുലരിതൂവിയ തീർഥം..
വെള്ളിപ്പാത്രങ്ങളിൽ ശേഷിയ്ക്കും
നിവേദ്യത്തിന്നൊരുപൂവ്
സ്വരങ്ങളെ ചേർത്തെഴുതാനാവാതെ
നടന്നുനീങ്ങും പകൽ
പിന്നെയുദാസീനമാമൊരു
സായാഹ്നം തടുത്തുകൂട്ടും
പകൽ വെട്ടം....
ചിന്നിചിതറിയ കൽതുണ്ടുകളിൽ
കടംകഥ കോറാനാവാതെ
നാഴികമണിയുടെ മുഴക്കമായൊതുങ്ങും
നിമിഷങ്ങൾ...
തണുപ്പാർന്ന സായന്തനത്തിൽ
മഴപെയ്തു നിറയും വയലിൽ
നെയ്യാമ്പലേറ്റി നില്ക്കും
ഗ്രാമത്തിനെഴുത്തുപുരയിൽ
വാത്മീകങ്ങൾ പണിയും
സ്മൃതി..
ശീതകാലപ്പുരയിലുറഞ്ഞ
മനസ്സിനരികിൽ,
അമ്പലക്കുളത്തിൻ
കാൽ തെന്നും
പായൽകൽപ്പടിയിൽ,
ഘനീഭവിക്കും
മൃത്യുഞ്ജയത്തിനരികിൽ,
ചുറ്റുവിളക്ക് നിറഞ്ഞുകത്തും
പ്രദക്ഷിണവഴിയിൽ
കാവലായിരിക്കും ദൈവം....



No comments:

Post a Comment