Sunday, September 25, 2011

സ്മൃതിവിസ്മൃതികൾ


തുടക്കമൊരുനേർത്ത
വെള്ളിലപ്പൂവിൻ തുടുപ്പെടുത്തു
കൈയിൽ നിറച്ചന്നുനിന്നൊരു സന്ധ്യ..
ഇടയ്ക്കോമിന്നൽതൂവിയിന്ദ്രവജ്രങ്ങൾ
കരിഞ്ഞിലകൾ, തളിർനുള്ളി
നിന്നൊരു പ്രഭാതവും...


അരികിൽ കാണാകുന്നു
തനിയാവർത്തം പിന്നെയിടയ്ക്ക,
മൃദംഗവുമെല്ലാമേ പണ്ടേപ്പോലെ..
അരക്കില്ലങ്ങൾ പണിതതിലും
ഹോമിക്കാനായൊരുക്കമതും
പഴേരാജമോഹങ്ങൾ;
പിന്നെ പലതും മിനുക്കുന്ന
മൃദുശബ്ദങ്ങൾ, തൂവൽപ്പകിട്ടിൽ
പൊതിയുന്നൊരന്യായക്കുടുക്കുകൾ..


ഒരിയ്ക്കലറിഞ്ഞതാണതുമീലോകത്തിന്റെ
ശിരസ്സിൽ പണിതിടാം മകുടമാർക്കും
പിന്നെയൊരുക്കാമൊരുരംഗഗോപുരം
പൊൻനാണ്യങ്ങളൊഴുക്കിപ്പുതപ്പിയ്ക്കാം
മിഥ്യയെ; രഥമേറ്റിയരങ്ങിൽ
പ്രദർശനവസ്തുവായ് വയ്ക്കാം
കാഴ്ച്ചവസ്തുക്കളല്ലോ പ്രിയം
പലർക്കും പണ്ടേതന്നെ...



എത്രനാളിനിയുമാ വസന്തം പാടും 
പാട്ടിലൊക്കെയും
നിറയുന്നതൊരു ശൂന്യത മാത്രം..
അത്രമേൽ വിരസമായരങ്ങിൽ
നിരത്തുമാ ചിത്രങ്ങളതും
പൊയ്മുഖങ്ങളായ്  മാറീടുന്നു...


ആരെയോ കാണിക്കുവാനെന്നപോൽ
തീർക്കും ഛായാവീഥികൾ
മടുപ്പിക്കുമൊരു നീൾവഴിയതിൽ 
വീഴുന്ന നീയോ, നിന്റെ നിഴലോ,
പലേകാലമാടിയൊരങ്ങിലെ വേഷങ്ങളതോ
സത്യം?


ആരുമേപറഞ്ഞില്ലതെങ്കിലും
മൊഴിതേടിയോടിയനാളിൽ
കണ്ടതൊക്കെയും യാഥാർഥ്യങ്ങൾ..
കാലമോ കടംകഥയെഴുതിതീർത്തു 
പക്ഷെ കാത്തുനിന്നതുമില്ല ഭൂമിയും
ഋതുക്കളും...

No comments:

Post a Comment