Friday, September 23, 2011


പണ്ടേ പണിത വിലങ്ങുകൾ

പണ്ടേ പണിത 
വിലങ്ങുകളാണവയിന്നോ
തുരുമ്പുവീണാകെദ്രവിച്ചുപോയ്
എങ്കിലും ജീർണമാം
തുമ്പിലേറും മേഘചിന്തകൾക്കെന്നുമൊരേ
നിറം; കേൾക്കുന്നതെന്നും
വിലങ്ങിൻ മുഴക്കങ്ങൾ ചുറ്റിലും.. 


അങ്ങകലെ ശ്യാമവർണമാർന്നാകാശമെന്നും
പുതുക്കും പ്രഭാതങ്ങളിൽ 
പോലുമൊന്നുമെഴുതാതെദൈവവാതിൽ
തുറന്നിന്നും കുരിശേറിനിൽക്കുന്നസത്യമേ!
നീ വിലങ്ങിട്ടോരു ഭൂമിയെ കാണുക
നീ പുകയ്ക്കുന്നോരുഷസ്സിനെ കാണുക..


എത്രയോ ചിത്രങ്ങളാണാക്കുടീരത്തിൻ
ഭിത്തിയിൽ തൂങ്ങുന്നു തങ്കവർണങ്ങളിൽ
വേഗത്തിലോടുന്ന പാതയിൽ കാൽതട്ടി
വീഴുന്നുവോ രാജ്യഭൂപടം
കൈയിലെ നേർ രേഖയിൽ
നിന്നിരമ്പുന്നുവോ കടൽ....
ഏതുവിലങ്ങിലാണിന്നാകടൽ
കുരിശേറ്റുന്ന ദൈവമറിയുമതും
പിന്നെവീഥികൾ തോറും
പ്രതിഷ്ഠിക്കുമാബുദ്ധഭാവവും
സത്യവുമെത്രയകന്നുപോയ്....

No comments:

Post a Comment