Tuesday, September 6, 2011


കൈയൊപ്പുകളില്ലാതെ
കൈയൊപ്പുകളില്ലാതെ
തപാൽപ്പെട്ടിയിലൊളിച്ചുവച്ച
കുറിപ്പുകളിൽ
ആദ്യമവൻ മുഖം മറച്ചിരുന്നു
പിന്നെഗുണനപ്പട്ടിക 
തെറ്റിയ സ്ലേറ്റിൽ
ഒന്നാം പാഠത്തിനക്ഷരപ്പിശകിനിടയിൽ
ഒളിപാർത്തിരുന്നു..
ഋതുഭേദങ്ങളുടെയൊഴിഞ്ഞ
കൂടയിലേയ്ക്കൊരല്പം
ശരത്ക്കാലവർണം
തേടിയനാളിൽ കണ്ടു 
സായാഹ്നനിഴൽചുറ്റിയ
ഒരു മുദ്ര..
പിന്നെയൊരു ശീതകാലപ്പുരയിലിരുന്നവൻ
ഹരണഗുണനഗണനപ്പട്ടിക പുതുക്കി...
കിട്ടിയെതെല്ലാം കൂട്ടിപ്പെരുക്കി
തിരുത്തിവെട്ടിയുടച്ചുലച്ച്
പുസ്തകതാളിലാക്കുമ്പോഴേയ്ക്കും
കൈയൊപ്പുകളില്ലാതെ
തപാൽ പെട്ടിയിലൊളിച്ചുവച്ച
അവന്റെമുഖമവനോടുചോദിച്ചു
നീയെന്തേയിങ്ങനെ??
അപ്പോഴേയ്ക്കുമവന്റെ 
മുഖം തേടിനടന്ന
ഭൂമിയുലയുകയും
ഒന്നാം പാഠമെഴുതിയ
സ്ലേറ്റുടയുകയും ചെയ്തിരുന്നു...

No comments:

Post a Comment